Connect with us

Editorial

കരിപ്പൂര്‍ സംഭവത്തില്‍ ദുരൂഹത

Published

|

Last Updated

കേരളത്തിനാകെ ദുഷ്‌പേര് വരുത്തിയ സംഭവമാണ് കരിപ്പൂരില്‍ സി ഐ എസ് എഫ് ജവാന്‍ വെടിയേറ്റു മരിക്കാനിടയായ സംഘര്‍ഷം. വിമാനത്താവളത്തിന്റെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ തന്നെയാണ് ബുധനാഴ്ച രാത്രി ഏറ്റുമുട്ടിയതെന്നതാണ് വിചിത്രം. ഫയര്‍ ഫോഴ്‌സ് ജീവനക്കാരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് സി സി ടി വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സി ഐ എസ് എഫ് ഉദ്യോസ്ഥന്‍ പ്രവേശന പാസ് ആവശ്യപ്പെട്ടത് അയാള്‍ക്കിഷ്ടപ്പെട്ടില്ല. അത് വാക്ക്തര്‍ക്കത്തിലെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കൂട്ടിയെത്തി സുരക്ഷാഭടനെ മര്‍ദിക്കുകയായിരുന്നു.
സി ഐ എസ് എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സുരേഷ് സിംഗ് യാദവിന്റെ മരണത്തിനിടയാക്കിയ വെടിവെപ്പ് എങ്ങനെ സംഭവിച്ചുവെന്നതില്‍ വ്യോമയാന വകുപ്പിനും സി ഐ എസ് എഫിനും രണ്ട് സ്വരമാണ്. മറ്റൊരു സേനാംഗത്തിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയാണ് മരണമെന്ന് മന്ത്രാലയം പറയുമ്പോള്‍, യാദവിന്റെ കൈയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ പിടിച്ചു വാങ്ങിയ തോക്കില്‍ നിന്നാണ് വെടിയുണ്ടയുതിര്‍ന്നതെന്നാണ് സേനാവിഭാഗം ആരോപിക്കുന്നത്. രണ്ടായാലും കരിപ്പൂര്‍ വിമാനത്താവളത്തെ ഒരു യുദ്ധക്കളമാക്കി മാറ്റിയതില്‍ ഇരുവിഭാഗത്തിനും പങ്കുണ്ടെന്നത് നിഷേധിക്കാനാകില്ല. അകത്തേക്ക് കടക്കുമ്പോള്‍ അഗ്നിശമനാംഗങ്ങള്‍ പരിശോധനക്ക് വിധേയരാകണമെന്ന് സുരക്ഷാ ഭടന്മാര്‍ ആവശ്യപ്പെട്ടാല്‍ അതംഗീകരിക്കുന്നതിലെന്താണ് തടസ്സം. അതീവ സുരക്ഷ ആവശ്യമുള്ള സ്ഥാപനമാണ് വിമാനത്താവളം. അവിടുത്തെ ജീവനക്കാരായി എന്നത് കൊണ്ട് മാത്രം പരിശോധനയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് പറയുന്നത് ന്യായമല്ല. ഇതേചൊല്ലി സംഘടിതമായി സി ഐ എസ് എഫ് അംഗങ്ങളെ മര്‍ദിക്കുകയും ആക്രമിക്കുകയും ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. അതേസമയം അഗ്നിശമന വിഭാഗത്തിന്റെ പിടിവാശിയും മുഷ്‌കും സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ വിഷയം ഉന്നത കേന്ദ്രങ്ങളെ ഉണര്‍ത്തി നയപരമായും ക്രമസമാധാനത്തിന് ഭംഗം വരാതെയും കൈകാര്യം ചെയ്യാന്‍ സി ഐ എസ് എഫ് ശ്രമിക്കേണ്ടതായിരുന്നു. പകരം അവരും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് നീങ്ങുകയാണുണ്ടായത്. അഗ്നിശമന വിഭാഗത്തിനെതിരെ മാത്രമല്ല, വിമാനത്താവളത്തിന് നേരെയും ശക്തമായ അക്രമമാണ് അവര്‍ അഴിച്ചു വിട്ടത്. ഒരു കോടിയിലേറെ വിലവരുന്ന അഗ്നിശമന യന്ത്രവും വിലപിടിപ്പുള്ള നിരവധി വിളക്കുകളും മറ്റും തല്ലിത്തകര്‍ത്ത സേനയുടെ നടപടി മാപ്പര്‍ഹിക്കാത്തതാണ്. പോലീസ് സേനയുടെ നാല് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് സേനാംഗങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടാനായത്. ഒരു ശത്രുരാജ്യത്തോടെന്ന പോലെയാണ് സേനാംഗങ്ങള്‍ നിറത്തോക്കുമായി വിമാനത്താവളത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
വിമാനത്താവളത്തിലെ രണ്ട് വിഭാഗം ജീവനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ എന്നതിനാല്‍ സംഭവം സുരക്ഷാ വീഴചയല്ലെന്ന് പറഞ്ഞു കൈകഴുകുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. പുറത്ത് നിന്നുള്ളവര്‍ കയറി അക്രമം കാണിച്ചെങ്കില്‍ മാത്രമേ സുരക്ഷാ വീഴ്ചയാവുകയുള്ളൂ എന്ന മട്ടിലാണ് എ ഡി ജി പി പ്രതികരിച്ചത്. സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും തമ്മിലുള്ള തര്‍ക്കം പൊടുന്നനെ മുളപൊട്ടിയതല്ല. കാലങ്ങളായി ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന്റെ പാരമ്യമായിരുന്നു ബുധനാഴ്ച രാത്രി വിമാനത്താവളത്തില്‍ കണ്ടത്. ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അന്നേ പരിഹരിച്ചിരുന്നെങ്കില്‍ ഇതൊരു ദുരന്തത്തില്‍ അവസാനിക്കുമായിരുന്നില്ല. അതിന് ശ്രമിച്ചില്ലെന്നത് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ വീഴ്ച തന്നെ.
സംഭവം വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. വിമാനങ്ങള്‍ ഇറങ്ങുന്ന സമയത്ത് അതിന് തടസ്സം സൃഷ്ടിക്കുന്ന വിധം റണ്‍വേയില്‍ വാഹനങ്ങളോ മറ്റു വസ്തുക്കളോ കാണാനിട വരുന്നത് അന്താരാഷ്ട്ര വ്യോമയാന നിയമ പ്രകാരം ഗുരുതരമായ വീഴ്ചയാണ്. വിമാനത്താവളത്തില്‍ ബുധനാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മണിക്കൂറുകളോളമാണ് അഗ്നിശമന സേന റണ്‍വേയില്‍ വാഹനങ്ങള്‍ നിരത്തി ഉപരോധം സൃഷ്ടിച്ചത്. തന്മൂലം ആ സമയത്ത് അവിടെ ഇറങ്ങാനായി വന്ന രണ്ട് വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിക്കാതെ ഏറെ നേരം ആകാശത്ത് ചുറ്റിക്കറങ്ങുകയും അവസാനം നെടുമ്പാശ്ശേരിക്കു തിരിച്ചു വിടേണ്ടി വരികയുമുണ്ടായി. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ അംഗീകാരം നഷ്ടപ്പെടാനിടയാക്കുന്ന സംഭവമാണിത്. സംഘടനയുടെ അംഗീകാരമില്ലാത്ത വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുമാകില്ല. അധികൃതര്‍ കരിപ്പൂരിന്റെ ചിറകുകള്‍ ഒന്നൊന്നായി വെട്ടിമാറ്റിക്കൊണ്ടിരിക്കെ അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ അംഗീകാരം നഷ്ടപ്പെടുക കൂടി ചെയ്താല്‍ വിമാനത്താവളത്തിന്റെ തകര്‍ച്ച പൂര്‍ണമാകും. സംഭവത്തില്‍ വിമാനത്താവള വിരുദ്ധ ലോബിയുടെ അദൃശ്യ കരങ്ങളുടെ പങ്ക് സംശയിക്കേണ്ടതുണ്ട്.