രൂപയുടെ മൂല്യം കുറയുമ്പോള്‍

Posted on: June 12, 2015 8:32 pm | Last updated: June 12, 2015 at 8:32 pm

RUPEEരൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിര്‍ഹം നല്‍കിയാല്‍ 17.50 രൂപ ലഭിക്കുന്ന കാലം താമസിയാതെ വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കേരളത്തിലെ ബേങ്കുകളിലെ പ്രവാസി നിക്ഷേപം പിന്നെയും കൂടും. ഇപ്പോള്‍ തന്നെ ലക്ഷം കോടിയിലെത്തിയിട്ടുണ്ട്.
ഡോളറിന്റെ മൂല്യം കൂടുന്നതിനനുസരിച്ച് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ മാറ്റം വരുന്ന പ്രതിഭാസമാണ് നിലവിലുള്ളത്. സ്വാഭാവികമായ മാറ്റത്തിന് പുറമെ ലോക വാണിജ്യ മേഖലയുടെ കയറ്റിറക്കം ക്രമപ്പെടുത്താന്‍ അമേരിക്കന്‍ ഇടപെടലും വിനിമയ വ്യത്യാസത്തിന് കാരണമാകുന്നു. കേരളത്തിലെയടക്കം കുഗ്രാമങ്ങളില്‍ വരെ ഇതിന്റെ പ്രതിധ്വനിയുണ്ടാകുന്നു.
കേരളം പണ്ടേ ‘ഡ്രാഫ്റ്റ്’ അധിഷ്ഠിത സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം. മിക്കവരും പഠനം കഴിഞ്ഞ് കടല്‍ കടക്കും. അവര്‍ നാട്ടിലേക്ക് പണം അയക്കും. ഏതാണ്ട്, കേരളത്തിലെ കുടുംബങ്ങളില്‍ 30 ശതമാനവും പ്രവാസി പണത്തെ ആശ്രയിച്ചാണ് അടുപ്പ് പുകക്കുന്നത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള പണം ഒഴുക്ക് നിലച്ചാല്‍ അവിടത്തെ ജന ജീവിതം താറുമാറാകും. കമ്പോളം ഏറെക്കുറെ നിശ്ചലമാകും. ക്രയ വിക്രയം നടക്കണമെങ്കില്‍ പണം നിര്‍ബാധം ഒഴുകണം. നിലവില്‍, ഗള്‍ഫില്‍ നിന്നാണ് അത് സാധ്യമാകുന്നത്.
ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 10,000 കോടി ഡോളര്‍ പുറത്തേക്ക് പോയിയെന്നാണ് കുവൈത്ത് ഫിനാന്‍ഷ്യല്‍ സെന്ററിന്റെ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ 1,260 കോടി ഡോളര്‍ അയച്ചു. പാക്കിസ്ഥാനികള്‍ 420 കോടി ഡോളര്‍ അയച്ചു. ഫിലിപ്പൈനികളും മോശക്കാരല്ല. 345 കോടി അവര്‍ അയച്ചിട്ടുണ്ട്. 2010 ലേതിനെക്കാള്‍ ഇരട്ടി പണം ഗള്‍ഫില്‍ നിന്ന് പുറത്തേക്കൊഴുകുന്നു. ഏറിയ പങ്കും ഗള്‍ഫില്‍ ചെറുകിട വ്യാപാരം, തൊഴില്‍ എന്നിവയില്‍ ഏര്‍പ്പെട്ടവരായിരിക്കും അയച്ചിട്ടുണ്ടാവുക. വന്‍കിടക്കാര്‍ ഗള്‍ഫില്‍ തന്നെ നിക്ഷേപം നടത്താനാണ് താല്‍പര്യം കാട്ടുന്നത്.
യു എ ഇയില്‍ ഉള്ള ഇന്ത്യക്കാരാണ് നാട്ടിലേക്ക് പണമയക്കുന്നതില്‍, ലോക പ്രവാസികളില്‍ തന്നെ മുന്നില്‍. ഏതാണ്ട്, 1,200 കോടി ഡോളറാണ് അയക്കുന്നത്.
നാട്ടിലെ കുടുംബവും ഉറ്റവരും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് പ്രവാസി ഇന്ത്യക്കാര്‍ എപ്പോഴും ആഗ്രഹിക്കുന്നു. മുണ്ടു മുറിക്കിയുടുത്താണെങ്കിലും വരുമാനത്തിലെ ഏറിയ പങ്കും നാട്ടിലുള്ളവര്‍ക്കാണ്. മറ്റൊരു സമൂഹത്തിനും ഇത്രയധികം ആത്മബന്ധം കുടുംബവുമായി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
എന്നാല്‍, നാട്ടിലേക്കയക്കുന്ന പണം പ്രത്യുല്‍പാദന പരമല്ലാത്ത മേഖലകളിലേക്ക് പോകുന്നു. വിവാഹ ധൂര്‍ത്ത് അതിലൊന്ന്. ഇത്രയും ആര്‍ഭാടമായി വിവാഹം കഴിക്കുന്ന സമൂഹം വേറെയില്ല. മറ്റൊന്ന്, കൊട്ടാരം പോലുള്ള വീട് വേണമെന്ന ആഗ്രഹം. മിക്ക ഗള്‍ഫുകാരും ആയുഷ്‌കാല സമ്പാദ്യം വീട് നിര്‍മാണത്തിന് ഉപയോഗിക്കും. ഒടുവില്‍, വീട് അനുഭവിക്കാന്‍ യോഗമില്ലാതെ മരണത്തിന് കീഴടങ്ങും.
രൂപയുടെ മൂല്യം കുറയുന്നത്, സാധാരണക്കാരായ പ്രവാസികള്‍ക്കും ഗുണകരമല്ല. നാട്ടില്‍ പണപ്പെരുപ്പം കൂടുമ്പോള്‍ വീട്ടുചെലവിന് അതില്‍ കണക്കായ തുക അയക്കേണ്ടിവരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ ജീവിതച്ചെലവ് രണ്ടിരട്ടിയായിട്ടുണ്ട്. നാട്ടില്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലകൂടുന്നു. വര്‍ഗീയത തലക്കുപിടിച്ചത് കൊണ്ടാണ് ഭൂരിപക്ഷം ഇതിനെതിരെ പ്രതികരിക്കാന്‍ മറക്കുന്നത്.