സൂര്യാഘാത ബോധവത്കരണം; 2000ല്‍ പരം തൊഴിലാളികള്‍ പങ്കെടുത്തു

Posted on: June 12, 2015 8:00 pm | Last updated: June 12, 2015 at 8:17 pm

റാസല്‍ ഖൈമ: തൊഴില്‍, ആരോഗ്യ, പൊതുമരാമത്ത് മന്ത്രാലയങ്ങളുടെ നിയന്ത്രണത്തില്‍ റാസല്‍ ഖൈമയില്‍ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘റാക് ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം’ സൂര്യാഘാത ബോധവത്കരണം നടത്തി. ഇത് 2000ല്‍ പരം തൊഴിലാളികള്‍ക്ക് പ്രയോജനമായി. ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ സൂര്യാഘാതത്തെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും സൂര്യാഘാതം ഏറ്റാല്‍ ഉടനടി കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ബോധവത്കരണം നടത്തി.
റാസല്‍ ഖൈമ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ. അബ്ദുല്ല അഹമ്മദ് അല്‍ നയ്മി ഉദ്ഘാടനം ചെയ്തു. റാസല്‍ ഖൈമ പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ അഹ്മദ് അല്‍ ഹമാദി, തൊഴില്‍ മന്ത്രാലയം പരിശോധനാ വിഭാഗം മേധാവി ജമാല്‍ അല്‍ ശംസി, ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി മെഹറ അല്‍ സിറായ്, ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്തു.
ഈ ബോധവത്കരണത്തില്‍ പങ്കെടുത്ത 2000ല്‍ പരം തൊഴിലാളികള്‍ക്കും കുടിവെള്ളവും ശീതള പാനീയവും പഴവര്‍ഗങ്ങള്‍ അടങ്ങുന്ന കിറ്റുകളും, ടീഷര്‍ട്ടുകളും വെയിലിനെ തടയുവാനുള്ള തൊപ്പികളും സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു.
ശ്രീധരന്‍ പ്രസാദ്, എ കെ സേതുനാഥ്, ടി വി അബ്ദുല്ല, ബേബി തങ്കച്ചന്‍, എ എം എം നൂറുദ്ദീന്‍, അബ്ദുല്‍ നാസര്‍, കമറുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.