ആണവായുധങ്ങള്‍ ‘ആഘോഷ’ വേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമല്ലെന്ന് പര്‍വേസ് മുശര്‍റഫ്‌

Posted on: June 12, 2015 6:00 am | Last updated: June 11, 2015 at 11:52 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കാണെന്നും ‘ആഘോഷ’ വേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ലെന്നും മുന്‍ പട്ടാള ഭരണ മേധാവി പര്‍വേസ് മുശര്‍റഫ്. പാക്കിസ്ഥാനെ ആണവനിരായുധീകരിക്കാനുള്ള ഗുഢമായ തന്ത്രങ്ങളാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ഒമ്പത് വര്‍ഷത്തോളം അധികാരത്തിലിരുന്ന അദ്ദേഹം വ്യക്തമാക്കി.
ആണവായുധം ഉപയോഗിക്കുകയെന്നത് തങ്ങളുടെ ആവശ്യമല്ല. പക്ഷേ പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ ആണവായുധങ്ങള്‍ പാക്കിസ്ഥാന് ഉപയോഗപ്പെടും. തങ്ങളെ ആക്രമിക്കാനോ തങ്ങളുടെ ഭൂപരിധിയില്‍ ആധിപത്യം നേടാനോ ആരും ശ്രമിക്കരുത്. കാരണം പാക്കിസ്ഥാന്‍ ചെറിയൊരു രാജ്യമല്ല. ആണവായുധമുള്ള പ്രധാന ശക്തിയാണ് ഇത്. പാക്കിസ്ഥാനെ ആണവായുധ മുക്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌നം നടക്കില്ലെന്ന് ആത്മവിശ്വാസമുണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ഇത്തരം ഭീഷണികള്‍ക്കെതിരെ നന്നായി പ്രതികരിക്കണമെന്നും മുശര്‍റഫ് ചൂണ്ടിക്കാട്ടി.