Connect with us

National

ബി ജെ പി മന്ത്രിയും വ്യാജ ബിരുദ വിവാദത്തില്‍

Published

|

Last Updated

മുംബൈ: ഡല്‍ഹിയിലെ എ എ പി മന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ വ്യാജ ബിരുദ കേസില്‍ കുടുങ്ങിയതിന് പിറകേ മഹാരാഷ്ട്രയിലും സമാനമായ വിവാദം കത്തുന്നു. മഹാരാഷ്ട്രയിലെ ബി ജെ പി- ശിവസേനാ സര്‍ക്കാറിലെ മന്ത്രി തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കളവ് പറയുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ബി എ ഡിഗ്രിയുടെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയെന്നാണ് ജലവിതരണ മന്ത്രിയും ബി ജെ പി നേതാവുമായ ബബന്‍ റാവു ലോനികാര്‍ തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2004ലെയും 2009ലെയും സത്യവാങ്മൂലത്തില്‍ ഈ വിവരമാണ് അദ്ദേഹം നല്‍കുന്നത്. എന്നാല്‍ 2014ല്‍ എത്തുമ്പോള്‍ സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത മാറുന്നു. തിനിക്ക് അഞ്ചാം ക്ലാസിന് മുകളില്‍ പഠിത്തമേ ഉള്ളൂ എന്നാണ് ആ സത്യപ്രസാവനയില്‍ ഉള്ളത്.
ഈ രണ്ട് സത്യവാങ്മൂലങ്ങളുടെയും കോപ്പികളുമായാണ് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്. 2004ലെയും 2009ലെയും സത്യാവാങ്മൂലം പ്രകാരം മഹാരാഷ്ട്ര ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം 1991ല്‍ ബിരുദത്തിന് പഠിച്ചിരിക്കുന്നു. എന്നാല്‍ 2014ലെ സത്യവാങ്മൂലം പ്രകാരം ലോനിയിലെ ജില്ലാ പരിഷത്ത് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ മാത്രമേ അദ്ദേഹം പഠിച്ചിട്ടുള്ളൂ. തന്റെ വിദ്യാഭ്യാസ യോഗ്യത ബി എ ആണെന്ന് ലോനികാര്‍ പ്രഖ്യാപിക്കുന്ന ചില രേഖകളും സാവന്ത് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഡല്‍ഹിയില്‍ കടുത്ത നിലപാടെടുത്ത ബി ജെ പി മഹാരാഷ്ട്രയിലും അതേ നിലപാട് സ്വീകരിക്കണം. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉടന്‍ ലോനികാറിന്റെ രാജി ആവശ്യപ്പെടണം. ഉടന്‍ നിയമനടപടി തുടങ്ങണമെന്നും സാവന്ത് ആവശ്യപ്പെട്ടു. ജിതേന്ദ്ര തോമറിനെതിരെ തിടുക്കപ്പെട്ട പകപോക്കിയ ബി ജെ പി എന്ത്‌കൊണ്ടാണ് സ്വന്തം മന്ത്രിയെ സംരക്ഷിക്കുന്നതെന്ന് എ എ പി ദേശീയ വക്താവ് പ്രീതി ശര്‍മ മേനോന്‍ ചോദിച്ചു. ലോനികാറിനെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാണോ. അദ്ദേഹം ബിരുദം നേടിയ കോളജുകളിലേക്കും യൂനിവേഴ്‌സിറ്റികളിലേക്കും അദ്ദേഹത്തെയും കൊണ്ട് യാത്ര നടത്തുമോയെന്നും അവര്‍ ചോദിച്ചു. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് താന്‍ കളവ് പറഞ്ഞിട്ടില്ലെന്ന് ലോനികാര്‍ പറഞ്ഞു. തന്റെ വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ് തന്നെയാണ്. അക്കാര്യം കഴിഞ്ഞ വര്‍ഷത്തെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ 1991ല്‍ ബി എ ഒന്നാം വര്‍ഷത്തിന് ചേര്‍ന്നു. പക്ഷേ രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അത്‌കൊണ്ടാണ് തന്റെ അന്തിമ യോഗ്യതയായി അഞ്ചാം ക്ലാസ് രേഖപ്പെടുത്തിയത്. ഭാവിയില്‍ സാധിച്ചാല്‍ പഠനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.