കോപയില്‍ കിക്കോഫ്

Posted on: June 11, 2015 5:55 am | Last updated: June 12, 2015 at 12:06 am

COPA>>ഇന്ത്യന്‍ സമയം നാളെ രാവിലെ 5.00ന് ഉദ്ഘാടന മത്സരം

ഗ്രൂപ്പ് എ : ബൊളിവിയ,ചിലി,ഇക്വഡോര്‍, മെക്‌സിക്കോ
ആതിഥേയരായ ചിലി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്നാണ് വിലയിരുത്തല്‍. മെക്‌സിക്കോയും ഇക്വഡോറും തമ്മില്‍ രണ്ടാംസ്ഥാനത്തിനായി കടുത്ത മത്സരംപ്രതീക്ഷിക്കാം. ബൊളിവിയക്ക് വലിയ സാധ്യതകളില്ല.
ബൊളിവിയ : ബ്രസീലിന് വേണ്ടി അണ്ടര്‍ 18 ഫുട്‌ബോള്‍ കളിച്ച മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളിവിയയുടെ സ്റ്റാര്‍ മാന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിഗാന്‍ അത്‌ലറ്റിന്റെ താരമായിരുന്നു. എന്നാല്‍ പന്ത്രണ്ട് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാനാകാതെ മാര്‍ട്ടിന്‍സ് വലഞ്ഞു. പിന്നീട് ബ്രസീലിയന്‍ ഫുട്‌ബോളിലേക്ക് മടങ്ങിയ താരം ക്രുസെറോ, ഗ്രെമിയോ, ഫഌമെംഗോ ക്ലബ്ബുകളിലൂടെ ഫോം വീണ്ടെടുത്തു. പതിനെട്ടു വയസുള്ള എ സി മിലാന്‍ യൂത്ത് അക്കാദമി താരം സെബാസ്റ്റ്യന്‍ ഗമാറ വരവറിയിച്ചേക്കും. അര്‍ജന്റീനയോട് കഴിഞ്ഞ ദിവസം 5-0ന് തന്റെ ടീം തകര്‍ന്നടിഞ്ഞ മത്സരത്തിലാണ് ബൊളിവിയക്കായി ഗമാറ ആദ്യമായി ഫസ്റ്റ് ലൈനപ്പില്‍ കളിക്കാനിറങ്ങിയത്. സെര്‍ജിയോ അഗ്യുറോയുടെ ഹാട്രിക്കിലും ഗമാറയുടെ വ്യക്തിഗത മികവ് ശ്രദ്ധിക്കപ്പെടാതിരുന്നില്ല.
മൗറിസിയോ സോറിയയാണ് കോച്ച്. 200/1 ആണ് ബൊളിവിയയുടെ ടൂര്‍ണമെന്റ് സാധ്യത.

ചിലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ സീസണില്‍ തന്നെ ഏറ്റവും മികച്ച ഫോമിലേക്കുയര്‍ന്ന ആഴ്‌സണലിന്റെ അലക്‌സിസ് സാഞ്ചസാണ് ചിലിയെ നയിക്കുന്നത്. ആഴ്‌സണലിനായി ഗോളടിച്ചുകൂട്ടിയ സാഞ്ചസ് പ്രീമിയര്‍ ലീഗ് കാണികളുടെ ഇഷ്ടതാരമായും തിരഞ്ഞെടുക്കപ്പെട്ടു. കന്നിക്കിരീടം ലക്ഷ്യമിടുന്ന ചിലിക്ക് ഊര്‍ജമേകാന്‍ സാഞ്ചസിന്റെ വേഗത്തിന് സാധിക്കും. യുവെന്റസിന്റെ കരുത്തനായ ആര്‍തുറോ വിദാലിന്റെ മികവും നിര്‍ണായകമാണ്.
ശ്രദ്ധയാകര്‍ഷിക്കാന്‍ സാധ്യതയുള്ള യുവതാരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏഞ്ചലോ ഹെന്റികസാണ്. കഴിഞ്ഞ സീസണില്‍ ഡൈനാമോ സാഗ്രബിനായി ലോണില്‍ കളിച്ച താരം 29 ഗോളുകള്‍ നേടി. ഫാല്‍കോയെ ഒഴിവാക്കുകയും റോബിന്‍വാന്‍പഴ്‌സിയുടെ ഭാവി അനിശ്ചിതത്വത്തിലായതും മാഞ്ചസ്റ്ററില്‍ ഹെന്റികസിന് വാതില്‍ തുറക്കുന്നു. കോപയില്‍ തിളങ്ങിയാല്‍ മാഞ്ചസ്റ്ററിന്റെ കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ ശ്രദ്ധയിലെത്താം.
ജോര്‍ജ് സംപോളി പരിശീലിപ്പിക്കുന്ന ചിലിയുടെ സാധ്യത 4/1.

ഇക്വഡോര്‍: 25 വയസിനിടെ എട്ട് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടും ശ്രദ്ധിക്കപ്പെടുന്ന പ്രകടനം സാധ്യമായിട്ടില്ല വിംഗറായ ജെഫേഴ്‌സന്‍ മോന്റെറോക്ക്. വെയില്‍സ് ക്ലബ്ബ് സ്വാന്‍സി കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ജെഫെഴ്‌സനെ ടീമിലെത്തിച്ചു. പക്ഷേ, പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ താരം പരാജയമായിരുന്നു. കോപയില്‍ തിളക്കം കാണാമെന്നാണ് ജെഫേഴ്‌സന്‍ പറയുന്നത്.
പത്തൊമ്പത് വയസുള്ള ജൊനാഥന്‍ ഗോണ്‍സാലസ് മെക്‌സിക്കോയിലാണ് ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നത്. ഇക്വഡോര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരം. മില്ലര്‍ ബൊലാനസിലാണ് ഗോളടി പ്രതീക്ഷ.
കോച്ച് ഗുസ്താവോ ക്വുന്റെറോസ്. 33/1 ടൂര്‍ണമെന്റ് സാധ്യത.

മെക്‌സിക്കോ: 36കാരനായ ഡിഫന്‍ഡര്‍ റാഫേല്‍ മാര്‍ക്വേസ് നയിക്കുന്ന ടീമില്‍ ഏറെയും യുവാക്കള്‍. പതിനെട്ട് വര്‍ഷമായി ദേശീയ ടീമിനൊപ്പമുള്ള മാര്‍ക്വേസ് പ്രായംതളര്‍ത്താത്ത പോരാളിയാണ്. മുന്‍ ബാഴ്‌സലോണ താരം ഇപ്പോള്‍ ഹെല്ലാസ് വെറോണ ക്ലബ്ബിന്റെ താരമാണ്. കഴിഞ്ഞ വര്‍ഷം തന്റെ നാലാം ലോകകപ്പ് കളിച്ച മാര്‍ക്വേസ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എഫ് സി ട്വന്റെയുടെ 21കാരന്‍ വിംഗര്‍ ജീസസ് കൊറോണയാണ് യുവാക്കളില്‍ ശ്രദ്ധേയന്‍.
കോച്ച് മിഗ്വേല്‍ ഹെരേര. സാധ്യത 25/1.

ഗ്രൂപ്പ് ബി: അര്‍ജന്റീന, ജമൈക്ക, പരാഗ്വെ, ഉറുഗ്വെ
അട്ടിമറികളില്ലെങ്കില്‍ അര്‍ജന്റീനയും ഉറുഗ്വെയും നോക്കൗട്ടിലേക്ക്. അതിഥികളായെത്തുന്ന ജമൈക്കക്ക് വലിയ സാധ്യതകളില്ല. അതേ സമയം, പരാഗ്വെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിക്കാന്‍ പോന്നവര്‍.

അര്‍ജന്റീന: ലയണല്‍ മെസിയും ടെവസും ഹിഗ്വെയിനും അഗ്യുറോയും ലാവെസിയും ചേരുന്ന മുന്നേറ്റ നിര കോപയിലെ ബെസ്റ്റാണ്. മഷെറാനോയും പസ്റ്റോറെയും ഡി മാരിയയും നയിക്കുന്ന മധ്യനിര, സബലേറ്റയും ഡെമിഷെലിസും ഒന്നിക്കുന്ന പ്രതിരോധം. ലോകകപ്പ് റണ്ണേഴ്‌സപ്പായ അര്‍ജന്റീനക്ക് പതിനഞ്ചാം കോപ ഉയര്‍ത്താനുള്ള കെല്‍പ്പുണ്ട്.
ബാഴ്‌സലോണക്ക് സീസണില്‍ ട്രിപ്പിള്‍ നേടിക്കൊടുത്ത ലയണല്‍ മെസിയാണ് സൂപ്പര്‍താരം. ലോകകപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിമര്‍ശിക്കപ്പെട്ടിരുന്നു. കോപയില്‍ ടീമിനെ കുതിപ്പിച്ചാല്‍ മെസിക്ക് വിമര്‍ശകരുടെ വായടപ്പിച്ച് ടൂര്‍ണമെന്റിന്റെ താരമാകാം. കേട്ടും കണ്ടും പരിചയിച്ച നിരയില്‍ ഭാവി താരമെന്ന നിലയില്‍ എറിക് ലമേലയുണ്ട്. ടോട്ടനം ഹോസ്പര്‍ മുപ്പത് ദശലക്ഷം പൗണ്ടിന് തന്നെ വാങ്ങിയതെന്തിനെന്ന് ലമേലക്ക് തെളിയിക്കാനുള്ള വേദിയാണ് കോപ.
ജെറാര്‍ഡോ മാര്‍ട്ടിനോയാണ് കോച്ച്. 9/4 ആണ് ചാമ്പ്യന്‍ഷിപ്പ് സാധ്യത.
ജമൈക്ക: പങ്കെടുക്കുക, വിജയിപ്പിക്കുക. ജമൈക്കയില്‍ നിന്ന് കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ലീഡ്‌സ് യുനൈറ്റഡില്‍ കരാര്‍ പൂര്‍ത്തിയാക്കി പുതിയ ക്ലബ്ബന്വേഷിച്ചു നടക്കുന്ന റൊഡോള്‍ഫ് ഓസ്റ്റിനാണ് ജമൈക്കയുടെ ക്യാപ്റ്റന്‍. 2014 കരീബിയന്‍ കപ്പില്‍ ജമൈക്ക ജേതാക്കളായത് റൊഡൊള്‍ഫിന്റെ പെനാല്‍റ്റി ഗോളിലായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പതിനൊന്ന് ക്ലബ്ബുകളില്‍ വായ്പാടിസ്ഥാനത്തില്‍ കളിച്ച ഇരുപത്തിരണ്ടുകാരന്‍ മൈക്കല്‍ ഹെക്ടറാണ് യുവതാരങ്ങളില്‍ ശ്രദ്ധേയന്‍.
വിന്‍ഫ്രീഡ് ഷാഫറാണ് കോച്ച്. ടൂര്‍ണമെന്റ് സാധ്യത 500/1.

പരാഗ്വെ: അര്‍ജന്റീനയില്‍ ജനിച്ച നെസ്റ്റര്‍ ഒര്‍ട്ടിഗോസയാണ് പരാഗ്വെയുടെ നക്ഷത്രതാരം. മുപ്പതുവയസുള്ള നെസ്റ്റര്‍ 2010 ലാണ് ഉറുഗ്വെന്‍ പൗരത്വം സ്വീകരിച്ചത്. പരാഗ്വെന്‍ നിരയിലെ ശ്രദ്ധേയ യുവതാരം ഡെര്‍ലിസ് ഗോണ്‍സാലസാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബ്ബ് എഫ് സി ബാസലിന്റെ താരം. 36 മത്സരങ്ങളില്‍ ആറ് ഗോളുകളാണ് സീസണില്‍ നേടിയതെങ്കിലും ഗോണ്‍സാലസിന്റെ പ്രകടന നിലവാരം പ്രതിഫലിക്കുന്നില്ല ഈ സ്റ്റാറ്റിസ്റ്റിക്‌സ്.
റമോണ്‍ഡയസാണ് കോച്ച്. 40/1 ആണ് ടൂര്‍ണമെന്റ് സാധ്യത.

ഉറുഗ്വെ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ അഭാവം ഉറുഗ്വെയുടെ സാധ്യതകള്‍ ക്വാര്‍ട്ടര്‍ വരെ ഒതുക്കുന്നു. കാരണം, മിക്കവാറും ക്വാര്‍ട്ടറില്‍ ബ്രസീലായിരിക്കും ഉറുഗ്വെയുടെ എതിരാളി. എഡിന്‍സന്‍ കവാനിയിലാണ് ഗോളടി പ്രതീക്ഷ. കഴിഞ്ഞാഴ്ച ഗ്വാട്ടിമാലക്കെതിരെ ഇരട്ട ഗോളടിച്ചിരുന്നു കവാനി. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ രണ്ടാം സ്‌ട്രൈക്കറായി കളിക്കുന്ന കവാനി ഉറുഗ്വെയുടെ ഒന്നാം സ്‌ട്രൈക്കറാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ വാര്‍ത്തകളില്‍ കവാനി നിറഞ്ഞു നില്‍ക്കുന്നു. കോപയിലെ മികവ് കവാനിക്ക് നിര്‍ണായകം.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ ജോസ് ജിമിനെസാണ് ഉറുഗ്വെയുടെ യുവതുര്‍ക്കി. കഴിഞ്ഞ വര്‍ഷമാണ് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയത്.
ഓസ്‌കര്‍ ടബരെസാണ് കോച്ച്. 16/1 ആണ് ടൂര്‍ണമെന്റ് സാധ്യത.

ഗ്രൂപ്പ് സി: ബ്രസീല്‍,
കൊളംബിയ, പെറു,വെനിസ്വെല
ബ്രസീലിനും കൊളംബിയക്കും അനായാസം ക്വാര്‍ട്ടറിലെത്താം. മികച്ച മൂന്നാം സ്ഥാനക്കാരാകാന്‍ പെറുവും വെനിസ്വെലയും പോരാട്ടം പുറത്തെടുക്കും.

ബ്രസീല്‍: ലോകകപ്പില്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തായത് ബ്രസീലിന് ദുരന്തമായി. അതവരുടെ കിരീടസാധ്യതകളെ തന്നെ തകിടം മറിച്ചു. എന്നാല്‍, ബാഴ്‌സലോണ ക്ലബ്ബില്‍ മെസി, സുവാരസ് താരങ്ങള്‍ക്കൊപ്പം റെക്കോര്‍ഡ് ഗോളടി സൃഷ്ടിച്ച് നെയ്മര്‍ താരമായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെല്ലാം ഗോളടിച്ച് നെയ്മര്‍ ബാഴ്‌സലോണയെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കി. കോപ അമേരിക്ക നെയ്മറുടെ കരിയറിലെ നാഴികക്കല്ലാകുമെന്നാണ് ബ്രസീലുകാരുടെ വിശ്വാസം.
ഓസ്‌കര്‍ പരുക്കേറ്റ് പുറത്തായതോടെ ഫിലിപ് കൂട്ടീഞ്ഞോ എന്ന യുവതാരത്തിന് വലിയ റോള്‍ കൈവന്നു. കഴിഞ്ഞ ദിവസം മെക്‌സിക്കോക്കെതിരെ കൂട്ടിഞ്ഞോ ഗോളടിക്കുകയും ചെയ്തു. ലിവര്‍പൂളിന്റെ താരത്തിന് ദേശീയ ടീമിലും സ്ഥിരംസ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് കോപ.
ദുംഗയാണ് ടീം കോച്ച്. 10/3 ആണ് ടൂര്‍ണമെന്റ് സാധ്യത.

കൊളംബിയ: ജര്‍മനിയാണ് ലോകകപ്പ് നേടിയതെങ്കിലും ബ്രസീലില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നത് കൊളംബിയയാണ്. സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസ് നേടിയ ഗോള്‍ ലോകകപ്പിലെ മികച്ചതായി. ഇപ്പോള്‍ റയലിന്റെ മുന്നണിയില്‍ കളിക്കുന്ന റോഡ്രിഗസാണ് കൊളംബിയയുടെ സൂപ്പര്‍ താരം. ക്യാപ്റ്റന്‍ റഡാമെല്‍ ഫാല്‍കോയുടെ ഫോം മങ്ങിയിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഗോളടിക്കാന്‍ വിഷമിച്ച ഫാല്‍കോ കോപ ചാമ്പ്യന്‍ഷിപ്പ് തിരിച്ചുവരവിനുള്ള വേദിയാക്കിയാല്‍ കൊളംബിയ ഫൈനല്‍ കളിക്കും. ഇന്റര്‍മിലാന്റെ യുവതാരം ജെയ്‌സന്‍ മുരിലോയും ടീമിന്റെ പ്രതീക്ഷയാണ്.
ജോസ് പെക്കര്‍മാനാണ് കോച്ച്. 6/1 ആണ് ടൂര്‍ണമെന്റ് സാധ്യത.

പെറു: നാല് വര്‍ഷം മുമ്പ് സെമിഫൈനലിലെത്തിയ പെറുവിന് അതാവര്‍ത്തിക്കാനാകുമോ? പോളോ ഗ്യുരേറോ എന്ന കോറിന്ത്യന്‍സ് സ്‌ട്രൈക്കറുടെ മികവ് പോലിരിക്കും പെറുവിന്റെ കുതിപ്പ്. 2012 ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ചെല്‍സിക്കെതിരെ കോറിന്ത്യന്‍സിന്റെ വിജയഗോള്‍ നേടിയത് ഗ്യുരേറോ ആയിരുന്നു.
ഗോളടിക്കുന്ന യുവ മിഡ്ഫീല്‍ഡര്‍ പെറുവിനുണ്ട്. കാര്‍ലോസ് അസ്‌ക്യൂസ്. അരങ്ങേറിയ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ച് ഗോളുകളാണ് ഇരുപത്തിമൂന്നുകാരന്‍ നേടിയത്.
റിക്കാര്‍ഡോ ഗാരെസയാണ് കോച്ച്. 100/1 ആണ് ടൂര്‍ണമെന്റ് സാധ്യത.

വെനിസ്വെല: ക്യാപ്റ്റനും രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവുമായ ജുവാന്‍ അരാംഗോയാണ് വെനിസ്വെലയുടെ കരുത്ത്. മുപ്പത്തഞ്ചുകാരന്‍ പതിനാറ് വര്‍ഷമായി ടീമിന്റെ മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്നു. സ്‌പെയ്‌നില്‍ മയ്യോര്‍ക്കയുടെയും ജര്‍മനിയില്‍ ബൊറൂസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിന്റെയും താരമായിരുന്നു. ഇപ്പോള്‍ മെക്‌സിക്കന്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെനഫിക്കയുടെ യുവ വിംഗര്‍ യോന്‍ മുരിലോയും വെനിസ്വെലയുടെ വജ്രായുധമാണ്.
നോയല്‍ സാന്‍വിസെന്റെയാണ് കോച്ച്. 100/1 ആണ് ടൂര്‍ണമെന്റ് സാധ്യത.