പ്രീ -പ്രൈമറി ജീവനക്കാരുടെ ആനുകൂല്യം: കോടതി വിധി നടപ്പാക്കുന്നത് എളുപ്പമാകില്ല

Posted on: June 11, 2015 5:24 am | Last updated: June 11, 2015 at 12:27 am

ശാസ്താംകോട്ട:സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിലെ പ്രീ- പ്രൈമറി ജീവനക്കാര്‍ക്ക് ഗവ. സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിന് സമാനമായ ശമ്പളം മാനേജ്‌മെന്റൊ പി ടി എയോ നല്‍കണമെന്ന ഹൈകോടതി വിധി നടപ്പാക്കുന്നത് എളുപ്പമാകില്ല. ഗവ. സ്‌കൂളിലെ ജീവനക്കാരുടേതിന് തുല്യമായ ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് എയിഡഡ് മേഖലയിലെ ഒരുപറ്റം ജീവനക്കാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1988 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി ടി എകളുടെ നിയന്ത്രണത്തില്‍ പ്രീ പ്രൈമറി തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ ചുവട്പിടിച്ച് സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിലും പ്രീ പ്രൈമറി ആരംഭിച്ചു.
കുട്ടികളില്‍ നിന്നും ഈടാക്കുന്ന തുച്ചമായ തുകയാണ് പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് വേതനം നല്‍കിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് 600 ഉം ആയമാര്‍ക്ക് 400 ഉം രൂപ വീതം സര്‍ക്കാര്‍ വിഹിതമായി നല്‍കുകയും ചെയ്തു. ഇത് വര്‍ധിപ്പിച്ച് നല്‍കുന്നതിനും കൃത്യത പാലിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകാത്ത കാരണം ഈ മേഖലയിലെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇത്തരം ജീവനക്കാര്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ അധ്യാപകര്‍ക്ക് അയ്യായിരവും ആയമാര്‍ക്ക് 3500 രൂപയും വേതനം വര്‍ധിപ്പിച്ച് നല്‍കാന്‍ 2012 ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ബഞ്ചിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. ഒടുവില്‍ ആനുകൂല്യം വര്‍ധിപ്പിച്ച് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇതോടെ ഗവ. സ്‌കൂളില്‍ കുട്ടികളില്‍ നിന്നും ഫീസ് പിരിക്കുന്നത് നിര്‍ത്തിയും സര്‍ക്കാര്‍ ഉത്തരവിട്ടു.
എന്നാല്‍ ഇതേ കാലയളവ് മുതല്‍ ജോലി ചെയ്തുവരുന്ന എയിഡഡ് സ്‌കൂള്‍ പ്രീ -പ്രൈമറി ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എയിഡഡ് സ്‌കൂളില്‍ പ്രീ പ്രൈമറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ എയിഡഡ് സ്‌കൂളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത മാനേജ്‌മെന്റുകള്‍ക്കോ പി ടിഎകള്‍ക്കോ ആണെന്നാണ് കോടതി ഉത്തരവായിട്ടുള്ളത്. മറ്റ് വരുമാനം ഇല്ലാത്തതിനാല്‍ ഈ വിധി നടപ്പിലാക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകുമോയെന്ന കാര്യത്തില്‍ ആശങ്കയുടലെടുത്തിട്ടുണ്ട്. പി ടി എകള്‍ നല്‍കണമെങ്കില്‍ കുട്ടികളില്‍ നിന്നും കൂടുതല്‍ ഫീസ് ഈടാക്കേണ്ടിയും വരും. അടുത്തുള്ള ഗവ. സ്‌കൂളുകളില്‍ പ്രീ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കി രക്ഷകര്‍ത്താക്കള്‍ കുട്ടികളെ എയിഡഡ് സ്‌കൂളിലേക്ക് അയക്കുന്നതും അവസാനിപ്പിക്കും. കോടതി നിര്‍ദ്ദേശിച്ച തരത്തില്‍ ശമ്പളം ആവശ്യപ്പെട്ടാല്‍ ശിക്ഷാ നടപടികളുടെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനും വലിയ മാനേജ്‌മെന്റുകള്‍ ശമ്പളം നല്‍കിയ ശേഷം വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റാനും സാധ്യതയുണ്ട് .
ഹൈക്കോടതി വിധി നടപ്പിലാക്കുന്നത് തടയാന്‍ മാനേജ്‌മെന്റുകളൊ പി ടി എകളോ ഡിവിഷന്‍ബഞ്ചിലോ സുപ്രീം കോടതിയിലോ പോയാലും എയിഡഡ് സ്‌കൂളിലെ പ്രീ പ്രൈമറി ജീവനക്കാരുടെ ശമ്പള വര്‍ധന നടപ്പിലാക്കുന്നതും വൈകും. ഇതിനിടെ എയിഡഡ് സ്‌കൂളിലെ പ്രീ പ്രൈമറി ജീവനക്കാരുടെ കാര്യത്തില്‍ വിരുദ്ധ നിലപാടെടുത്ത സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.