Connect with us

Thrissur

വ്യാജ വാര്‍ത്ത നല്‍കിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ നാട്ടുകാര്‍

Published

|

Last Updated

കുന്നംകുളം: അപകടത്തില്‍പ്പെട്ട വീട്ടമ്മയെ രക്ഷിച്ചുവെന്ന് അവകാശപ്പെട്ട് ലേഖകന്‍മാരെ തെറ്റിദ്ധരിപ്പിച്ച് വ്യാജ വാര്‍ത്ത നല്‍കിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കാണിപ്പയ്യൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് തൃശൂര്‍-കുന്നംകുളം റോഡില്‍ കാണിപ്പയ്യൂരില്‍ വെച്ച് കാണിപ്പയ്യൂര്‍ പനക്കല്‍ പോള്‍സന്റെ ഭാര്യ സില്‍വി (45) സ്‌കൂട്ടറില്‍ ബസ്സിടിച്ച് അപകടത്തില്‍പെട്ടത്. അതുവഴി കടന്നുവന്ന മറ്റൊരു ബസ്സിലെ ജീവനക്കാരനാണ് അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സ്ത്രീയുടെ വിവരം കാണിപ്പയ്യൂരിലെ ഓട്ടോ ഡൈവര്‍മാരെ അറിയിച്ചത്.
രഞ്ജിത്ത് എന്ന ഡൈവറുടെ നേതൃത്വത്തില്‍ നാട്ടുകാരനായ ഉണ്ണിദാസനും, മറ്റ് ഡൈവര്‍മാരും ചേര്‍ന്ന് ഇവരെ ഓട്ടോയില്‍ കാണിപ്പയ്യൂരിലെ യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ നഴ്‌സിന്റെ സഹായത്തോടെ ഉണ്ണിദാസനാണ് ആശുപത്രിയുടെ ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പിറ്റെ ദിവസം ഇറങ്ങിയ ചില മലയാള പത്രങ്ങളില്‍ വീട്ടമ്മയെ കോണ്‍ഗ്രസ്സ് നേതാക്കള്‍ രക്ഷിച്ചുവെന്ന വാര്‍ത്ത കേട്ട് ഡ്രൈവര്‍മാര്‍ ഞെട്ടി.
അപകടത്തില്‍പെട്ട സ്ത്രീ അപകട നില തരണം ചെയ്തതോടെയാണ് ഈ വിവരം മറ്റു മാധ്യമങ്ങളെ അറിയിക്കാന്‍ തയ്യാറായത്. പേരിനും, പ്രശസ്തിക്കും വേണ്ടിയല്ല ഞങ്ങള്‍ ഇത്തരം സഹായങ്ങള്‍ ചെയ്യുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. കാണിപ്പയൂര്‍ മേഖലയില്‍ അപകടമുണ്ടാകുമ്പോള്‍ സഹായവുമായി ആദ്യം ഓടിയെത്തുന്നത് ഞങ്ങളാണ്. അപകടത്തില്‍പെട്ട് ആശുപത്രിയിലെത്തിക്കുന്നവരില്‍ നിന്നും യാത്രാ കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരത്തില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലും ഇതേ സംഘം കള്ള പ്രചരണവുമായി രംഗത്തെത്തിയിരുന്നു.

Latest