Connect with us

Gulf

എല്ലാ കെട്ടിടത്തിലും ജീവന്‍ രക്ഷാ ഡാഷ്‌ബോഡുകള്‍

Published

|

Last Updated

ദുബൈ: ദുബൈയിലെ എല്ലാ കെട്ടിടത്തിലും ജീവന്‍ സുരക്ഷാ ഡാഷ് ബോഡുകള്‍ ഏര്‍പെടുത്തുമെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാശിദ് താനി റാശിദ് അല്‍ മത്‌റൂശി അറിയിച്ചു.
സിവില്‍ ഡിഫന്‍സ്, ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍, കെട്ടിടമുടമകള്‍ എന്നിവരെ ബന്ധിപ്പിക്കുന്നതാണ് ഡാഷ് ബോര്‍ഡ്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഡാഷ് ബോര്‍ഡ് രേഖപ്പെടുത്തും. അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. സങ്കീര്‍ണമായ വിവരങ്ങള്‍ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയ വിധത്തിലുള്ള രൂപകല്‍പനയാക്കി ഡാഷ് ബോഡ് മാറ്റും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സിവില്‍ ഡിഫന്‍സ് പരിശോധിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. അഗ്നിശമന കേന്ദ്രങ്ങളുമായും ഇതിനെ ബന്ധിപ്പിക്കും.
കെട്ടിടത്തില്‍ സ്ഥാപിക്കുന്ന ഡാഷ് ബോഡില്‍ കെട്ടിടത്തിന്റെ ഉറപ്പും സുരക്ഷിതത്വവും രേഖപ്പെടുത്തിയിരിക്കും. ഇത് ഉടമകള്‍ക്ക് സഹായകമാകും. ആധുനിക സാങ്കേതിക വിദ്യയാണ് ഡാഷ് ബോഡിന് പിന്നിലെന്നും റാശിദ് താനി റാശിദ് അല്‍ മത്‌റൂശി അറിയിച്ചു.
“ജീവനെയും സ്വത്തിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ തങ്ങളുടെ വിഭാഗം എന്നും മുന്‍പന്തിയിലാണ്. വായനക്കാര്‍ക്ക് സങ്കീര്‍ണമായ വിവരങ്ങള്‍ ഒരു മുഴുനീള റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാവുന്നതിനേക്കാള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ ദുബൈ ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ് സഹായിക്കുന്നു,” പുതിയ സംരംഭത്തെക്കുറിച്ച് പ്രതികരിക്കവേ മേജര്‍ ജനറല്‍ റാശിദ് താനി റാശിദ് അല്‍ മത്‌റൂശി പറഞ്ഞു. ” വിവിധ ഏജന്‍സികളുടെയും പദ്ധതികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് വിവരങ്ങളാണ് സര്‍ക്കാറിന്റെ മുന്നിലുള്ളത്. ഇവയില്‍ വേഗത്തില്‍ തീരുമാനം എടുക്കുന്നതിന് ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി അവതരിപ്പിക്കേണ്ടതുണ്ട്. ദുബൈ ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡിലൂടെ കെട്ടിടങ്ങളുടെയും സിവില്‍ ഡിഫന്‍സ് നടപടികളുടെയും പ്രവര്‍ത്തനശേഷി സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് മനസ്സിലാക്കാന്‍ സാധിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സമാഹരിച്ച് ഗ്രാഫിക്‌സുകളിലൂടെ ഇതില്‍ പ്രദര്‍ശിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് പുറമെ വിവരങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കി ശരിയായ തീരുമാനങ്ങളെടുക്കുന്നതിനും സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡാഷ്‌ബോര്‍ഡ് സഹായിക്കുന്നു.
അഗ്നിശമന സേനയുടെയും മറ്റ് വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ആഭ്യന്തര വിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നുവെന്നതിന് പുറമെ താമസക്കാരോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇതിലൂടെ വെളിവാകുന്നു. തങ്ങളുടെ കെട്ടിടത്തിന്റെ കരുത്തും സുരക്ഷാനിലയും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേകം ഡാഷ്‌ബോര്‍ഡ് ദുബൈയിലെ എല്ലാ കെട്ടിട ഉടമകള്‍ക്കും നല്‍കും. കെട്ടിട ഉടമകള്‍ക്കും താമസക്കാര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ഡാഷ്‌ബോര്‍ഡ് മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളെയും സഹായിക്കും, റാശിദ് താനി റാശിദ് അല്‍ മത്‌റൂശി പറഞ്ഞു.
നഗരത്തിന്റെ ഭാവിക്കനുയോജ്യമായ പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതില്‍ ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. മുനിസിപ്പല്‍ വിവരങ്ങള്‍ കൂടുതല്‍ സൂതാര്യവും പ്രാപ്യവുമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ദുബൈ ലൈഫ് സേഫ്റ്റി ഡാഷ്‌ബോര്‍ഡ്. ഡാഷ്‌ബോര്‍ഡ് നടപ്പാക്കുന്നതോടെ പൊതുമേഖലയിലെ നിലവിലെ സാങ്കേതിക സാധ്യത ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.