Connect with us

National

ഇനി മുതല്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്താനാകില്ല

Published

|

Last Updated

ബറേലി: ട്രെയിനുകള്‍ ഏത് സമയവും നിറുത്താന്‍ “അപായച്ചങ്ങല വലിക്കൂ” എന്ന റെയില്‍വേ കോച്ചുകളിലെ നിര്‍ദേശം ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ഒരു കാരണവുമില്ലാതെ അപായച്ചങ്ങല വലിച്ച് നിര്‍ത്തിയത് കൊണ്ട് ട്രെയിന്‍ വൈകുന്നതിനാല്‍ റെയില്‍വെയ്ക്കുണ്ടായ 3,000 കോടി രൂപയുടെ നഷ്ടം കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.ഉത്തര്‍പ്രദേശ്,ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ ചങ്ങല വലിച്ചുനിര്‍ത്തുന്നത്.

ബറേലിയിലെ ഇസത്‌നഗറിലെ കോച്ചു ഫാക്ടറിയില്‍ ട്രെയിനുകളില്‍ നിന്ന് ചങ്ങലകള്‍ നീക്കം ചെയ്യുന്ന ജോലി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അറ്റകുറ്റപണികള്‍ക്കായി ഇവിടെയെത്തുന്ന ട്രെയിനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചങ്ങലകള്‍ നീക്കം ചെയ്യുന്നത്.യാത്രക്കാര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ട്രെയിന്‍ നിറുത്തേണ്ടിവന്നാല്‍ ബദല്‍ സംവിധാനമായി ഡ്രൈവറുടെയോ അസിസ്റ്റന്റ് ഡ്രൈവറുടെയോ മൊബൈല്‍ ഫോണ്‍ നമ്പര്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. അടിയന്തരഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് ഇവരെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കും.

പുതിയ ട്രെയിന്‍ കോച്ചുകളില്‍ ചങ്ങലകള്‍ സ്ഥാപിക്കുന്നില്ലെന്നും വേഗത്തില്‍ തന്നെ രാജ്യ വ്യാപകമായി ഇക്കാര്യം നടപ്പിലാക്കുമെന്നും ഇസാര്‍ നഗര്‍ ഡിവിഷന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ രാജേന്ദ്രസിംഗ് പറഞ്ഞു.യാത്രക്കാര്‍ക്കായി വോക്കി ടോക്കി സംവിധാനവും ഏര്‍പ്പെടുത്തും. മൂന്നു കോച്ചുകളില്‍ വോക്കി ടോക്കിയുമായി ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ ട്രെയിനുകളില്‍ ജോലിക്കാരെ നിയമിക്കാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.