കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിന് ജാമ്യം

Posted on: June 9, 2015 3:01 pm | Last updated: June 10, 2015 at 11:39 am

saleemraj

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനും കൂട്ടുപ്രതികള്‍ക്കും കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഭൂമി കുംഭകോണം ആയതിനാല്‍ പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം എല്ലാ ആഴ്ചയും കേസ് അന്വേഷണം നടക്കുന്ന കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ ഹാജരാകണമെന്നും തിരുവനന്തപുരത്തെ പ്രത്യേക സി ബി ഐ കോടതിയുടെ ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു. സി ബി ഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചത്. സി കെ ജയറാം, സി എച്ച് അബ്ദുല്‍ മജീദ്, നിസാര്‍ അഹമ്മദ്, എ എം അബ്ദുല്‍ അഷ്‌റഫ്, വിദ്യോദയകുമാര്‍, എസ് എം സലിം എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സി ബി ഐ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ മുഖ്യപ്രതിയായ കേസില്‍ വന്‍ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. 14 കോടി രൂപയുടെ ഇടപാട് സലിംരാജിന്റെ ഇടപെടലിലൂടെ നടന്നതായും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം തുകയുടെ ഇടപാട് നടന്നതായും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനാണെന്ന നിലയില്‍ സലിംരാജ് നടത്തിയ കോടികളുടെ ഇടപാടില്‍, പണത്തിന്റെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് അന്വേഷണം പുര്‍ത്തിയാകാത്ത സാഹചര്യവും പ്രതികള്‍ക്ക് ഉന്നത സ്വാധീനമുള്ള വ്യക്തികളുമായതിനാല്‍ കേസ് അട്ടിമറിക്കാന്‍ പ്രാപ്തരുമാണെന്നതും പരിഗണിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സി ബി ഐ വാദിച്ചു. എന്നാല്‍, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സലിം രാജടക്കം അഞ്ച് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സി ബി ഐ അറിയിച്ചത്. ഉന്നതരുടെ പങ്ക് വെളിപ്പെടുത്താനോ, നുണപരിശോധനക്കോ പ്രതികള്‍ തയ്യാറാകുന്നില്ലെന്നും സി ബി ഐ അറിയിച്ചെങ്കിലും ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ 21-ാം പ്രതിയാണ് സലിം രാജ്. കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സി കെ ജയറാമാണ്. വസ്തുക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജയറാമായിരുന്നു. സി ബി ഐയുടെ അന്വേഷണത്തില്‍ സലിംരാജ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് സലിംരാജിനെതിരെയുള്ള കേസ്.
സംഭവത്തെക്കുറിച്ച് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കടകംപള്ളി വില്ലേജ് ഓഫീസറും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ചില റിയല്‍ എസ്റ്റേറ്റുകാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടാക്കിയ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയ്യാറാക്കിയും കോടതി വിധികളെ വരെ ദുര്‍വ്യാഖ്യാനം ചെയ്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.