ക്രീമിലെയര്‍ പരിധി എട്ട് ലക്ഷമാക്കിയേക്കും

Posted on: June 9, 2015 2:16 am | Last updated: June 8, 2015 at 11:19 pm

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശത്തിനുമുള്ള ഒ ബി സി സംവരണത്തിന്റെ വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കിയേക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇതോടെ സംവരണത്തിന് അര്‍ഹരായ ഒ ബി സി ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കും. കൂടുതല്‍ പേര്‍ സംവരണത്തിന്റെ പരിധിയില്‍ എത്തുന്ന ഈ തീരുമാനം സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം കൈകൊണ്ടു കഴിഞ്ഞുവെന്നും അന്തിമ അനുമതിക്കായി സമര്‍പ്പിച്ചുവെന്നുമാണ് അറിയുന്നത്. ക്രീമിലെയര്‍ പരിധി തടസ്സമായതിനാല്‍ നിരവധി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകുന്നുണ്ട്.
ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് 10.5 ലക്ഷമാക്കണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ (എന്‍ സി ബി സി) സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലത്തോട് ഈയടുത്ത് ശിപാര്‍ശ ചെയ്തിരുന്നു. എന്‍ സി ബി സിയുടെ ശിപാര്‍ശ അതുപോലെ സ്വീകരിക്കാന്‍ സാമൂഹിക നീതി വകുപ്പ് തയ്യാറാകില്ലെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, കമ്മീഷന്റെ ശിപാര്‍ശ തത്വത്തില്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായി പരിധി എട്ട് ലക്ഷത്തിലേക്ക് ഉയര്‍ത്താമെന്ന ധാരണയിലാണ് മന്ത്രാലയം എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒ ബി സി)ക്ക് നല്‍കുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം വളരെ കുറവാണെന്ന് എന്‍ സി ബി സി ചൂണ്ടിക്കാട്ടുന്നു. 27 ശതമാനം സംവരണം അനുസരിച്ചുള്ള സീറ്റുകള്‍ നികത്തുന്നതിനായി ചില മേഖലകളില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഒ ബി സിക്കാര്‍ക്ക് ഇളവ് അനുവദിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. സംവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും ഐ ഐ ടികള്‍, ഐ ഐ എമ്മുകള്‍ തുടങ്ങിയ മേഖലയില്‍ ഈ സീറ്റുകള്‍ നികത്തപ്പെടുന്നില്ലെന്ന് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.