മാഗ്ഗി പിന്‍വലിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം; സുരക്ഷിതമെന്ന് നെസ്‌ലേ

Posted on: June 5, 2015 2:27 pm | Last updated: June 6, 2015 at 12:17 pm

maggy

ന്യൂഡല്‍ഹി: രാസവസ്തുക്കള്‍ അമിത അളവില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മാഗ്ഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മാഗ്ഗിയുടെ ഒന്‍പത് ഇനം നൂഡില്‍സ് വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

nestle ceo paulഅതേസമയം, മാഗ്ഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് നെസ്‌ലേ ഗ്ലോബല്‍ സിഇഒ പോള്‍ ബള്‍ക്ക് മുംബെെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  എല്ലാ ഗുണമേന്‍മാ പരിശോധനകളും വിജയകമായി പൂര്‍ത്തിയാക്കിയ ശേഷമാണ് മാഗ്ഗി വിപണിയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് സംശയം ദുരീകരിക്കുന്നതിനാണ് ഇപ്പോള്‍ തങ്ങള്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ മൂലം ജനങ്ങള്‍ക്ക് തങ്ങളിലുള്ള വിശ്വാസത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് മാഗ്ഗി പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ നടത്തിയ പരിശോധനയില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ടെസ്റ്റ് ചെയ്ത രീതി സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തും. മാഗ്ഗിയില്‍ അജ്‌നാമോട്ടോ ഉപയോഗിക്കുന്നില്ലെന്നും പോള്‍ വിശദീകരിച്ചു.