Connect with us

Kerala

ബുദ്ധിവൈകല്യമുള്ളവര്‍ക്കായി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് തുടങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്കായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി. സാമൂഹ്യ നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റിയൂട്ടും സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയൊരുങ്ങുന്നത്.
ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ക്ക് ഏതെങ്കിലും മേഖലയില്‍ കഴിവ് തെളയിക്കാന്‍ കഴിയും. എന്നാല്‍ ആരും ഇത്തരം കട്ടികളെ പരിശീലിപ്പിക്കാന്‍ ശ്രമിക്കാറില്ല. അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഇവരുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പല പദ്ധതികളും ഉണ്ടെങ്കിലും ഇത്തരം കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികളൊന്നും നിലവിലില്ല.
ഇവര്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും അവരുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനും ഇത് സഹായകമാണ്. നിലവില്‍ ഇത്തരക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിച്ചുവരുന്ന കോഴ്‌സുകള്‍ക്ക് പ്രയോജനപ്രദമാകുമെന്നാണ് അധികൃതരുടെ വിശ്വാസം. അവര്‍ പഠിച്ചുവരുന്ന കോഴ്‌സിലെ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പ്രത്യേക രീതീയിലായിരിക്കും പരിശീലനം നല്‍കുക. ഉദാഹരണമായി പ്രാഥമിക ശുശ്രൂഷ രീതിയാണ് ഇവര്‍ക്ക് പഠിപ്പിക്കേണ്ടെതെങ്കില്‍ അത് പാട്ടിന്റെ രൂപത്തില്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ സഹായകമാകും.
സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റിയൂട്ടും സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും നിലവില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള രീതികള്‍ അവലംബിച്ചു കഴിഞ്ഞു. 10 വയസ്സുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ആസ്ഥാനത്ത് ഈ മേഖലയിലെ വിദഗ്ധര്‍ നടത്തിയ ശില്പശാല അധികൃതര്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കി.
തുടര്‍ന്ന് സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ട് അധ്യാപകര്‍ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി സഹകരിച്ച് ഇത്തരം കുട്ടികള്‍ക്ക് വേണ്ടി പരിശീലന രീതി തയ്യാറാക്കി. മാനസിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് അനുസൃതമായ പാഠ്യരീതിയാണ് ഒരുക്കിയത്.
തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 40 സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍മാര്‍ ഉള്‍പ്പെടുന്ന ടീമിന് പരിശീലനം നല്‍കി. പരിശീലനത്തിലൂടെ കുട്ടികളുടെ അഭിരുചി മനസിലാക്കി അവരുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കി.
സംസ്ഥാനത്തെ ഓരോ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഉടന്‍ പരിശീലനം ആരംഭിക്കാനാകുമെന്ന് സ്റ്റേറ്റ് മെന്റലി ചലഞ്ച്ഡ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനായ എ ഷമീം സിറാജിനോട് പറഞ്ഞു.
2016ലെ റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തരം കുട്ടികളുടെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Latest