ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം ജയിലില്‍ നിന്ന് സംരക്ഷണ ബ്രാന്‍ഡ് ഷര്‍ട്ടുകള്‍

Posted on: June 2, 2015 11:33 pm | Last updated: June 2, 2015 at 11:33 pm

poojappuraതിരുവനന്തപുരം: ജയില്‍ ചപ്പാത്തി നേടിയ സ്വീകാര്യതക്ക് ശേഷം പൂജപ്പുര ജയിലില്‍ നിന്ന് റെഡിമെയ്ഡ് ഷര്‍ട്ട് വില്‍പ്പന ആരംഭിച്ചു. ഷര്‍ട്ടുകള്‍ തയ്ക്കുന്നതായി ജയിലില്‍ പ്രത്യേക തയ്യല്‍ യൂനിറ്റും പ്രവര്‍ത്തനമാരംഭിച്ചു. ജയില്‍ അന്തേവാസികള്‍ തുന്നിയ റെഡിമെയ്ഡ് കോട്ടണ്‍ ഷര്‍ട്ടുകള്‍ സംരക്ഷണ എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കഴിഞ്ഞു.
ജയിലില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു നിര്‍മാണ യൂനിറ്റായ നെയ്ത്തുവിഭാഗമാണ് ഷര്‍ട്ടുകള്‍ തയ്ക്കുന്നതിനുള്ള കോട്ടണ്‍ തുണികള്‍ വിതരണം ചെയ്യുന്നത്. ഷര്‍ട്ട് നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം നേരത്തെ ജയില്‍ ഡി ജി പിയായിരുന്ന ടി പി സെന്‍കുമാറാണ് നിര്‍വഹിച്ചത്. ഇവിടെ നിന്ന് രണ്ട് ഷര്‍ട്ടുകളും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ജയിലില്‍ നിന്ന് ലഭിക്കുന്ന മറ്റ് ഉല്‍പന്നങ്ങളെപ്പോലെ തന്നെ മികച്ച ഗുണനിലവാരമുള്ളതാണ് ഷര്‍ട്ടുകളും.
ജയിലില്‍ തയ്യല്‍ കേന്ദ്രം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും ജയില്‍ അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള യൂനിഫോം വസ്ത്രങ്ങള്‍ മാത്രമാണ് തുന്നിയിരുന്നത്. ഒരു മാസം മുമ്പാണ് റെഡിമെയ്ഡ് ഷര്‍ട്ട് വില്‍പന എന്ന തീരമാനം ജയില്‍ വകുപ്പെടുത്തത്.
ജയിലിലെ മറ്റ് നിര്‍മാണ യൂനിറ്റുകളായ സോപ്പ്, കാര്‍പറ്റ്, നെയ്ത്, ആല എന്നിവയുടെ സമീപത്തുതന്നെയാണ് തയ്യല്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ ഘടിപ്പിച്ച 12 ആട്ടോമറ്റിക് തയ്യല്‍ മെഷീനുകളാണ് ഇപ്പോള്‍ യൂനിറ്റിലുള്ളത്. ഇതിനു പുറമേ കട്ടിംഗിനായും ബട്ടന്‍ ഹോളിടുന്നതിനായും ബട്ടന്‍ ഘടിപ്പിക്കുന്നതിനായും ഓരോ മെഷീനുകള്‍ കൂടിയുണ്ട്. പരിശീലനം ലഭിച്ച 13 അന്തേവാസികളാണ് ഇപ്പോള്‍ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
വസ്ത്ര നിര്‍മാണ യൂനിറ്റിലുള്ള അന്തേവാസികള്‍ ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് 25,000 രൂപ നല്‍കാനും ജയില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി ലോണുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയും ഇപ്പോഴുണ്ട്. ജയിലിലെ നിര്‍മാണ യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന അന്തേവാസികളുടെ ദിവസ വേതനം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇപ്പോള്‍ അവരുടെ ദിവസ വേതനം 30 രൂപ മാത്രമാണ്.