അനാഥാലയങ്ങളിലേക്ക് വരുന്ന കുട്ടികളെ പോലീസ് പീഡിപ്പിക്കുന്നു: ജമാഅത്ത് കൗണ്‍സില്‍

Posted on: May 31, 2015 11:39 am | Last updated: May 31, 2015 at 11:39 am

ആലുവ: അനാഥാലയങ്ങളിലേക്ക് വരുന്ന കുട്ടികളെ പോലീസ് പീഡിപ്പിക്കുന്നതായി മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് എവിടെയും പഠിക്കാന്‍ അവസരമുണ്ട്. എന്നിട്ടും സംസ്ഥാനത്ത് പഠനത്തിനായെത്തുന്ന അന്യ സംസ്ഥാന കുട്ടികളെയും അനാഥാലയം നടത്തിപ്പുകാരെയും ബോധപൂര്‍വം ഉപദ്രവിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഓരോരുത്തരും എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണെന്നും സംസ്ഥാന സ്‌പെഷ്യല്‍ പ്രതിനിധി കൗണ്‍സില്‍ യോഗത്തിനു ശേഷം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌പെഷ്യല്‍ പ്രതിനിധി കൗണ്‍സില്‍ യോഗം അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് പി എം അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ബാദുഷ സഖാഫി മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ് എ എ ലത്തീഫ് കൊല്ലം, സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ടി കെ ഹസന്‍ എറണാകുളം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സൂര്യ ശംസുദ്ദീന്‍, വൈസ് പ്രസിഡന്റുമാരായ തേവറ നൗഷാദ്, ഡോ. എ ബി അലിയാര്‍, എ എ ഇസ്മാഈല്‍ ഫൈസി, വി എച്ച് അബ്ദുര്‍ റഷീദ് മുസ്‌ലിയാര്‍, സെക്രട്ടറിമാരായ എം വി എം അശ്‌റഫ്, അനസ് പൂവാലംപറമ്പ്, ഷാജി കുറുമശ്ശേരി, യൂത്ത്കൗണ്‍സില്‍ ഭാരവാഹികളായ സാദത്ത് ഹമീദ്, സിറാജുദ്ദീന്‍ മാലേത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി കെ എ കരീം സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
റമസാന്‍ മാസത്തില്‍ ജില്ലാതലത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ധന മഹല്ലുകളെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദത്തെടുക്കാനും തീരുമാനിച്ചു. സെപ്തംബറില്‍ കരുനാഗപ്പള്ളിയില്‍ സംസ്ഥാന സമ്മേളനം നടത്തും. മഹല്ലുകള്‍ തമ്മിലും മഹല്ല് അംഗങ്ങള്‍ തമ്മിലും വിവാഹമോചന വിഷയങ്ങളിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും സംഘടനയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജില്ലാതല മസ്‌ലഹത്ത് കൗണ്‍സിലുകളും മഹല്ലുകള്‍ക്ക് ആവശ്യമായ നിയമോപദേശത്തിനായി ലീഗല്‍ സെല്ലുകളും രൂപവത്കരിക്കാനും തീരുമാനിച്ചു.
ജനനന്മ മാധ്യമ അവാര്‍ഡ് നേടിയ മാധ്യമം ആലുവ ലേഖകന്‍ യാസര്‍ അഹമ്മദിനെ യോഗത്തില്‍ അനുമോദിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി അഡ്വ. പി ടി എ റഹീം എം എല്‍ എയെ തിരഞ്ഞെടുത്തു. സുപ്രീംകൗണ്‍സില്‍ ചെയര്‍മാനായി ടി കെ മുഹമ്മദ് ബാദുഷ സഖാഫിയെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി കെ എം സ്വാലിഹ് മൗലവിയെയും തിരഞ്ഞെടുത്തു.