Kasargod
ത്വാഹിര്‍ തങ്ങള്‍ ഉറൂസിന് പ്രൗഢ തുടക്കം

പുത്തിഗെ (കാസര്‍കോട്): മൂന്ന് ദിവസങ്ങളിലായി മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഒമ്പതാം ഉറൂസിന് പ്രൗഢ തുടക്കം. ഇന്നലെ വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനം സുന്നീ ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ ജുമുഅക്ക് ശേഷം താജുല്‍ ഉലമ, നൂറുല്‍ ഉലമ, ആലംപാടി ഉസ്താദ്, ഇച്ചിലങ്കോട് മഖാം, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെയാണ് മൂന്ന് ദിവസത്തെ ഉറൂസ് പരിപാടികള്‍ക്ക് സമാരംഭം കുറിച്ചത്. സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കൂഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉറൂസ് നഗരിയില്‍ പതാക ഉയര്‍ത്തി. ജീവിത കാലം മുഴുവനും മത സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച് വിട പറഞ്ഞ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും ചെയ്യാനാവാത്ത വിപ്ലവ പ്രവര്‍ത്തനങ്ങളാണെന്ന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്താവിച്ചു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഒമ്പതാം ഉറൂസ് മുബാറക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഹിമ്മാത്ത് പോലോത്ത സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍ സഹായിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ഉണര്‍ത്തി.