മാഗ്ഗി നൂഡില്‍സ്: മാധുരി ദീക്ഷിതിന് നോട്ടീസ്

Posted on: May 29, 2015 8:31 pm | Last updated: May 29, 2015 at 8:31 pm

10523840_706361856084394_3444394361224132236_n
ഹരിദ്വാര്‍: മാഗ്ഗി നൂഡില്‍സില്‍ അപകടകരമായ അളവില്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നൂഡില്‍സിന്റെ പരസ്യത്തിലെ മോഡലായ ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. മാഗ്ഗി നൂഡില്‍സിലെ പോഷകാഹാരം സംബന്ധിച്ച് മാധുരി പരസ്യത്തില്‍ പറയുന്ന അവകാശവാദങ്ങള്‍ക്ക് ന്യായീകരണം നല്‍ണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഹരിധ്വാറിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ഉത്തര്‍പ്രദേശിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗ്ഗി നൂഡില്‍സില്‍ അമിതമായ അളവില്‍ ലെഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് മാഗ്ഗിക്ക് രാജ്യവ്യാപകമായി നിരോധനമേര്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാഗ്ഗി നൂഡില്‍സിന്റെ പരസ്യത്തിലെ മോഡലായ മാധുരിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, മാധുരിക്ക് നോട്ടീസ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. മാധുരി പരസ്യത്തിലെ മോഡല്‍ മാത്രമാണെന്നും അതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നുമുള്ള അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.