വരുന്നു, ഗൂഗിള്‍ മാപ്പില്‍ ഓഫ്‌ലൈന്‍ നാവിഗേഷന്‍

Posted on: May 29, 2015 8:00 pm | Last updated: May 29, 2015 at 8:00 pm

google_maps_navigation_google_play_screenshot1
സാന്‍ഫ്രാന്‍സിസ്കോ: വഴിയറിയാന്‍ ഗൂഗിള്‍ നാവിഗേഷന്‍ പോലെ കൃത്യമായ മറ്റൊരു ആപ്ലിക്കേഷന്‍ ഉണ്ടാകില്ല. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും സധൈര്യം യാത്ര ചെയ്യാം. പക്ഷേ, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ എന്നതായിരുന്നു ഇതിന്റെ ഏക പോരായ്മ. എങ്കിലിതാ ആ പോരായ്മയും ഗൂഗിള്‍ പരിഹരിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐ/ഒ 2015ലാണ് ഇത് സംബനധിച്ച പ്രഖ്യാപനമുണ്ടായത്. ഗൂഗിള്‍ മാപ്പിലെ നിലവിലെ ഓഫ്‌ലൈന്‍ സംവിധാനത്തില്‍ നാവിഗേഷനും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഗൂഗിള്‍ എംന്റെ വരവിനോടനുബന്ധിച്ചായിരിക്കും പുതിയ മാറ്റം പ്രാബല്യത്തില്‍വരിക.

2012ലാണ് ഗൂഗിള്‍ മാപ്പില്‍ ഓഫ്‌ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒരുപ്രത്യേക ഏരിയയുടെ മാപ്പ് മൊബൈല്‍ ഡിവൈസില്‍ സേവ് ചെയ്യാനാണ് ഈ സൗകര്യത്തിലൂടെ സാധ്യമാകുന്നത്. പിന്നീട് ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഈ ഏരിയയുടെ മാപ്പ് ഉപയോഗിക്കാനാകും. എന്നാല്‍ ഇതുപയോഗിച്ച് നാവിഗേഷന്‍ സാധ്യമായിരുന്നില്ല. ഭാവിയില്‍ ഓഫ്‌ലൈനില്‍ നാവിഗേഷന്‍ കൂടി സാധ്യമാക്കുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.