Editorial
കുതിച്ചുയരുന്ന ചികിത്സാ ചെലവ്

മലയാളിയുടെ ചികിത്സാ ചെലവ് ആശങ്കാജനകമാം വിധം കുതിച്ചുയരുകയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ആസൂത്രണ ബോര്‍ഡിലെ ആറംഗ വിദഗ്ധ സംഘം തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മലയാളികളെ കടക്കെണിയിലാക്കുന്നത് പ്രധാനമായും അവന്റെ ഉയര്‍ന്ന ചികിത്സാ ചെലവാണെന്നാണ്. ചികിത്സാ ചെലവില്‍ രാജ്യത്ത് മുന്‍പന്തിയില്‍ കേരളീയരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പലമടങ്ങ് വരും കേരളീയന്റെ ശരാശരി ചികിത്സാ ചെലവ്. ചികിത്സ ആരംഭിക്കുമ്പോള്‍ ദാരിദ്ര്യരേഖക്ക് മുകളിലായിരുന്ന നിരവധി പേര്‍ ചികിത്സാനന്തരം ദാരിദ്ര്യരേഖക്ക് താഴേക്ക് പതിക്കുന്നു. ഗ്രാമങ്ങളില്‍ പന്ത്രണ്ട് ശതമാനവും നഗരങ്ങളില്‍ എട്ട് ശതമാനവുമാണ് ചികിത്സമൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയവരുടെ എണ്ണം. കേരളീയന്‍ പ്രതിവര്‍ഷം പ്രാഥമിക ചികിത്സക്കായി സ്വകാര്യ മേഖലയില്‍ ശരാശരി 2663 രൂപയും കിടത്തി ചികിത്സക്ക് 30,800 രൂപയും ചെലവിടുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ യഥാക്രമം ഇത് 287 രൂപയും 6267 രൂപയുമാണ്.
മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങി ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞുവെന്നു കരുതിയ പല രോഗങ്ങളും സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പകര്‍ച്ചവ്യാധികളുടെ വ്യാപനവും ജീവിതരീതി രോഗങ്ങളുടെ വര്‍ധനവും ഇരട്ട രോഗഭാരം പേറുന്ന ജനസമൂഹമായി കേരളീയരെ മാറ്റിയിട്ടുണ്ട്. ജപ്പാന്‍ ജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി മുന്‍കാലങ്ങളില്‍ നമുക്ക് അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങളും പടര്‍ന്നു കൊണ്ടിരിക്കുന്നു. ഹൃദ്രോഗം, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിത്യാദി സമ്പന്നരുടെതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രോഗങ്ങളും വ്യാപകമായി. അമ്പത് ശതമാനം കൊളസ്‌ട്രോള്‍ രോഗികളുമായി കേരളം ഇന്ത്യയിലെ അമിത കൊളസ്‌ട്രോളിന്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. 30 വയസ്സ് കഴിഞ്ഞ പകുതി പേരും കൊളസ്‌ട്രോള്‍ രോഗികളാണ് സംസ്ഥാനത്ത്. പ്രമേഹ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നു. മാറിയ ജീവിതശൈലിയുടെ ഭാഗമായുണ്ടായ തെറ്റായ ഭക്ഷണ ക്രമവും സാമൂഹിക ശുചിത്വത്തിന്റെ അഭാവവുമാണ് സാംക്രമിക രോഗങ്ങള്‍ വ്യാപകമാക്കുന്നത്.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹരിക്കുകയും സാമൂഹിക ശുചിത്വത്തില്‍ ശ്രദ്ധയൂന്നുകയും ചെയ്താല്‍ രോഗങ്ങളെ ഏറെക്കുറെ പ്രതിരോധിക്കാനാകും. എന്നാല്‍ കൊഴുപ്പേറിയ ഭക്ഷങ്ങള്‍ തന്നെ വേണം നമ്മില്‍ ഏറെ പേര്‍ക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2011ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. ഒരു ദിവസം 5,000 ടണ്‍ (50 ലക്ഷം കിലോ ഗ്രാം) മാംസമാണ് മലയാളികള്‍ കഴിക്കുന്നത്. കോഴിയിറച്ചി, മാട്ടിറച്ചി (ബീഫ്), ആട്ടിറച്ചി എന്നിവയാണ് ഇതില്‍ പ്രധാനം. കോഴിയിറച്ചിയുടെ ഉപഭോഗത്തില്‍ അത്ഭുതകരമായ വര്‍ധനയാണ് ഉണ്ടായത്. 1990ല്‍ മൊത്തം മാംസ ഉപഭോഗത്തിന്റെ ആറ് ശതമാനം മാത്രമായിരുന്നു കോഴിയിറച്ചിയുടെ അളവ്. 2011 ആയപ്പോഴേക്കും 45 ശതമാനമായാണ് (പ്രതിദിനം 2250 ടണ്‍) കുതിച്ചുയര്‍ന്നത്. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ വന്ന മാറ്റമാണിത് കാണിക്കുന്നത്. ആഹാരങ്ങള്‍ വീട്ടില്‍ തയാറാക്കുന്നതിന് പകരം ഹോട്ടലുകളെയും റസ്റ്റാറന്റുകളെയും ആശ്രയിക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. വീടുകളിലുണ്ടാക്കുന്ന ശുദ്ധവും അപകട രഹിതവുമായ ഭക്ഷണത്തിന് പകരം റസ്റ്റാറന്റുകളിലെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മാരക രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന വിഭവങ്ങളാണിന്ന് പലര്‍ക്കും പഥ്യം.
തെറ്റായ ജീവിത, ഭക്ഷണ ശൈലീ രോഗികളാക്കി മാറ്റുന്ന മലയാളികളെ കാത്ത് സംസ്ഥാനത്തുടനീളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു കാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ മേധാവിത്വം വഹിച്ചിരുന്ന ആരോഗ്യമേഖലയില്‍ കോര്‍പറേറ്റ് സ്വഭാവമുള്ള സ്വകാര്യ ആശുപത്രികള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ആരോഗ്യം കമ്പോളത്തില്‍ വിലകൊടുത്തു വാങ്ങേണ്ട ഉത്പന്നമാമായും ആതുരസേവനം ചികിത്സാ വ്യവസായമായും പരിവര്‍ത്തിതമായി. ഈ സാഹചര്യത്തില്‍ മലയാളിയുടെ ചികിത്സാ ചെലവ് കുത്തനെ ഉയര്‍ന്നിെല്ലങ്കിലല്ലേ അത്ഭുതമുള്ളു. രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കുകയും പ്രാഥമികാരോഗ്യസേവനം, ആരോഗ്യ വിദ്യാഭ്യാസം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ സാമൂഹികാരോഗ്യ ഇടപെടലുകളുമാണ് ചികിത്സ മൂലം പാപ്പറാകുന്ന ദുഃസ്ഥിതിയില്‍ നിന്ന് മലയാളിക്ക് മോചിതമാകാനുള്ള വഴി. ആഹാരത്തില്‍ കൃത്യമായ ക്രമീകരണം നടത്തുകയും വ്യായാമം ശീലമാക്കുകയും ചെയ്താല്‍ മരുന്നുകളുടെ ഉപയോഗം ഗണ്യമായി കുറക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഇതിനെവിടെ സമയം. രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ കൈവെടിഞ്ഞു ചികിത്സക്ക് മാത്രം ഊന്നല്‍ നല്‍കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളജുകളും സ്ഥാപിക്കുന്നതരത്തിലുള്ള ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ കേരളീയരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ വിഭവം കണ്ടെത്തുന്നതില്‍ സര്‍ക്കാരും പൊതുസമൂഹവും പ്രയാസപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.