Connect with us

International

അഭയം തേടി ആഴക്കടലില്‍ ആയിരങ്ങള്‍

Published

|

Last Updated

മനില: മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇപ്പോഴും കടലില്‍ അഭയം തേടി സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി സംരക്ഷണ വിഭാഗമായ യു എന്‍ എച്ച് സി ആറിന്റെ ഹൈക്കമ്മീഷണറും അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഐ ഒ എമ്മും വ്യക്തമാക്കിയതാണ് ഇക്കാര്യം. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമാണ് ഇവര്‍ ഇപ്പോഴുള്ളതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രണ്ട് സംഘടനകളുടെയും പ്രതിനിധികള്‍ ഇത് വ്യക്തമാക്കിയത്. കുടിയേറ്റ പ്രതിസന്ധികളില്‍ പെട്ട് യാതന നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും 2.6 കോടി ഡോളറിന്റെ സഹായം ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ ബോട്ടുകളിലായി 2,600ലധികം പേര്‍ ഇപ്പോഴും കടലിലുണ്ട്. ഇവരില്‍ പലരും മലേഷ്യയുടെയും മ്യാന്‍മറിലെ റാഖിന സംസ്ഥാനത്തിന്റെയും കടലോരങ്ങളിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ അഭയാര്‍ഥികളായി സഞ്ചരിക്കുന്നവരുടെ എണ്ണം ഇതിലും അധികമായിരിക്കാനാണ് സാധ്യത. ഇനിയുള്ള ഓരോ മണിക്കൂറുകളും വിലപ്പെട്ടതാണ്. തങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ആയിരങ്ങള്‍ കടലില്‍ കുടിവെള്ളമോ സഞ്ചരിക്കാനാവശ്യമായ ഇന്ധനമോ ഇല്ലാതെ പ്രതിസന്ധികള്‍ക്ക് നടുവിലാണ്. ഇവരെ എത്രയും പെട്ടെന്ന് കരകളിലെത്തിക്കണം. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നീ കടല്‍തീരങ്ങളില്‍ എത്തിയിരുന്ന 3,302 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 1,013 അഭയാര്‍ഥികളെ മ്യാന്‍മറിലേക്കും ബംഗ്ലാദേശിലേക്കും തിരിച്ചയക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടനയുടെ വക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണത്തിന്റെയും യോജിപ്പിന്റെയും വഴിയിലൂടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഏഷ്യ, പെസഫിക് എന്നിവിടങ്ങളിലെ 19 രാജ്യങ്ങളുടെ യോഗം നാളെ നടക്കാനിരിക്കുകയാണ്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. അഭയാര്‍ഥികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് ഈ കൂടിച്ചേരലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest