Connect with us

National

ലഫ്. ഗവര്‍ണറെ ഇംപീച്ച് ചെയ്യാന്‍ ഡല്‍ഹി നിയമസഭയില്‍ പ്രമേയം

Published

|

Last Updated

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഡല്‍ഹി നിയമസഭ പാസ്സാക്കി. എ എ പിക്ക് വന്‍ ഭൂരിപക്ഷമുള്ള നിയമസഭ പ്രത്യേകം യോഗം ചേര്‍ന്നാണ് പ്രമേയം പാസ്സാക്കിയത്.
ലഫ്റ്റനന്റ് ഗവര്‍ണറും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും തമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എ എ പി അംഗം ആദര്‍ശ് ശാസ്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണറെ അയോഗ്യനാക്കാന്‍ ഭരണഘടനയുടെ സെക്ഷന്‍ 155 ഭേദഗതി ചെയ്യണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
അതിനിടെ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനെ കണ്ടു. നിയമസഭ പ്രത്യേകം സമ്മേളനം ചേരുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കൂടിക്കാഴ്ച. അഴിമതി ആരോപണം ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അഴിമതി നിരോധ ബ്രാഞ്ചിന് (എ സി ബി) അധികാരമുണ്ടെന്ന ഹൈക്കോടതി വിധിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, ലഫ്റ്റനന്റ് ഗവര്‍ണറെ കാണിച്ചു.
ഈ വിധി ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നിലപാടുകള്‍ക്ക് കടുത്ത തിരിച്ചടിയായിരുന്നു. അഴിമതിക്കേസില്‍ എ സി ബി അറസ്റ്റ് ചെയ്ത ഹെഡ്‌കോണ്‍സ്റ്റബിള്‍ അനില്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും നിശ്ചയിക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന നിലപാടടക്കമുള്ള വിഷയങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ കെജ്‌രിവാള്‍ നജീബ് ജംഗിനെ അറിയിച്ചു.
ആക്ടിംഗ് ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ നിയമിച്ചതോടെയാണ് തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഇവരെ ഗവര്‍ണര്‍ നജീബ് ജംഗ് നേരിട്ട് നിയമിച്ചതിനെ തുടര്‍ന്ന്, നിയമന ഉത്തരവ് പുറപ്പെടുവിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിന്ദോ മജുംദാറിനെ കെജ്‌രിവാള്‍ സ്ഥലം മാറ്റിയിരുന്നു. നിയമന ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം തന്നില്‍ മാത്രം നിക്ഷിപ്തമാണെന്ന് കാണിച്ച് ജംഗ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുണ്ട്.
സ്വകാര്യ കമ്പനികള്‍ക്ക് 11,000 കോടി അനുവദിക്കാനുള്ള കരാറുകള്‍ സര്‍ക്കാറിനെ കൊണ്ട് ഒപ്പിടുവിക്കാനാണ് ആക്ടിംഗ് ചീഫ് സെക്രട്ടറിയുടെ ശ്രമമെന്ന് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

Latest