Kerala
പോലീസുകാര്‍ അഴിമതി അവസാനിപ്പിക്കണം: ഡി ജി പി സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസിലെ അഴിമതിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സംസ്ഥാന പോലീസ് മേധാവി. മതിയായ ശമ്പളം ലഭിച്ചാല്‍ പോലീസുകാര്‍ അഴിമതി അവസാനിപ്പിക്കാന്‍ തയ്യറാകണമെന്ന് നിയുക്ത ഡി ജി പി. ടി പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി “സാമൂഹിക മാറ്റങ്ങളും പോലീസ് നവീകരണവും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷനുകളില്‍ അഴിമതി നടക്കുന്നത് കണ്ണടച്ച് പാല്‍കുടിക്കും പോലെയാണ്. അഴിമതിക്കാരായ പോലീസുകാരെ ചൂണ്ടിക്കാട്ടാന്‍ മറ്റു പോലീസുകാര്‍ തയ്യറാകണം. ഹോട്ടല്‍ നടത്തിയും മറ്റുമുള്ള ജനമൈത്രി പോലീസിംഗ് ശരിയല്ല. പോലീസുകാര്‍ തങ്ങളുടെ അടിസ്ഥാന ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അവര്‍ പോലീസിംഗുമായി ബന്ധപ്പെട്ട ജോലികളിലാണ് ഏര്‍പ്പെടേണ്ടത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ഷന്‍ നടന്നിട്ട് കാലങ്ങളായി. എസ് പിമാര്‍, ഡിവൈ എസ് പിമാര്‍, സി ഐമാര്‍ തുടങ്ങിയവര്‍ കൃത്യസമയത്ത് സ്റ്റേഷനുകളില്‍ പരിശോധന നടത്തണം.
ജനമൈത്രി സുരക്ഷാ പദ്ധതി പോലും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനകരമാകാത്ത സാഹചര്യത്തില്‍ പോലീസ് നീതിബോധത്തോടെയും, സത്യന്ധതയോടെയും ആത്മാര്‍ഥതയോടെയും ജനക്ഷേമ പ്രവര്‍ത്തനത്തിലേര്‍പ്പെടണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാഷ്ട്രീയ സ്വാധീനവും, മാഫിയാബന്ധവും, അഴിമതിയുമില്ലാത്ത ഒരു പോലീസ് സേനയാണ് നാടിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശമ്പളം വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം പോലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
നിയമ വിദഗ്ധന്‍ എന്‍ ആര്‍ മാധവന്‍, മുന്‍ ഡി ജി പി. പി കെ ഹോര്‍മിസ് തരകന്‍, സി പി ജോണ്‍, ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, സണ്ണിക്കുട്ടി എബ്രഹാം സംസാരിച്ചു.