Ongoing News
മാഞ്ചസ്റ്ററിന് വേണ്ട, ഫല്‍കാവോ മൊണാക്കോയിലേക്ക് മടങ്ങുന്നു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തീര്‍ത്തും നിറംമങ്ങിയ കൊളംബിയയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയിലേക്ക് മടങ്ങുന്നു. സീസണ്‍ നീണ്ടു നില്‍ക്കുന്ന വായ്പക്കായിരുന്നു ഫല്‍കാവോ ഇംഗ്ലീഷ് ക്ലബ്ബിലെത്തിയത്.
മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ കൊളംബിയന്‍ സ്‌ട്രൈക്കറെ സ്ഥിരമായി നിലനിര്‍ത്താന്‍ ക്ലബ്ബിന് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍, 29 മത്സരങ്ങളില്‍ നാല് ഗോളുകളിലൊതുങ്ങിയ ഫല്‍കാവോയുടെ ഫോം മാഞ്ചസ്റ്ററിനെ മാറ്റിച്ചിന്തിപ്പിച്ചു. സ്ഥിരം കരാര്‍ നല്‍കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. ഫല്‍കാവോ ടോപ് പ്രൊഫഷണലും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തിന് മികച്ച കരിയര്‍ ആശംസിക്കുന്നു – മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ലൂയിസ് വാന്‍ ഗാല്‍ പറഞ്ഞു.
എഫ് സി പോര്‍ട്ടോ, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുകള്‍ക്ക് ലീഗ് കിരീടങ്ങളും യൂറോപ ലീഗ് കിരീടവും നേടിക്കൊടുത്താണ് ഫല്‍കാവോ യൂറോപ്പിലെ വിലമതിപ്പുള്ള ഗോളടിക്കാരനായത്. 2014 ലോകകപ്പ് പരുക്ക് കാരണം നഷ്ടമായ ഫല്‍കാവോയുടെ ദുരിതകാലം അന്ന് മുതല്‍ തുടങ്ങി. ആ പരുക്കിന് ശേഷം പഴയ സ്‌കോറിംഗ് പാടവം വീണ്ടെടുക്കാന്‍ സ്‌ട്രൈക്കര്‍ക്ക് സാധിച്ചിട്ടില്ല.