മനുഷ്യരുടെ മുഖം കണ്ട് പ്രായം കണക്കാക്കുന്ന കണ്ടുപിടുത്തം കൗതുകമായി

Posted on: May 26, 2015 6:00 pm | Last updated: May 26, 2015 at 6:45 pm

ഷാര്‍ജ: മനുഷ്യരുടെ മുഖം തിരിച്ചറിഞ്ഞ് പ്രായം കണക്കാക്കുന്ന നൂതന കണ്ടുപിടുത്തവുമായി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികള്‍.
കഴിഞ്ഞ ദിവസം അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശാസ്ത്രമേളയിലാണ് ശ്രദ്ധേയമായ കണ്ടുപിടുത്തം അവതരിപ്പിച്ചത്. മനുഷ്യരുടെ മുഖം തിരിച്ചറിഞ്ഞ് പ്രായം കണക്കാക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് സെക്രട്ടറി ജയ്‌സാത്ത് ഹെസ്‌കിരാം, മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് കണ്ടുപിടിച്ചത്. പതിനൊന്നാം തരം കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികളായ ഇരുവരും സ്വന്തമായി ജാവാസ്‌ക്രിപ്റ്റില്‍ ‘ഫേഷ്യല്‍ ഡിറ്റക്ഷന്‍ സമ്പ്രദായ’ത്തിലൂടെയാണ് പ്രോഗ്രാം വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. മാത്രമല്ല, വ്യൂവേഴ്‌സ് ചോയ്‌സ് വിഭാഗത്തില്‍ മികച്ച കണ്ടുപിടുത്തത്തിനുള്ള സമ്മാനം നേടുകയും ചെയ്തു.
കമ്പ്യൂട്ടര്‍ പഠനത്തില്‍ ഏറെ ശ്രദ്ധാലുക്കളായ ഇരുവരും കഠിന പ്രയത്‌നത്തിലൂടെയാണ് ഈ നൂതന കണ്ടുപിടുത്തം നടത്തിയത്.
വിവിധ ശാസ്ത്ര തത്വങ്ങള്‍ക്കടിസ്ഥാനമാക്കി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധയിനം പ്രോജക്ടുകളും മേളയില്‍ ശ്രദ്ധേയമായിരുന്നു.
രണ്ടു ദിവസങ്ങളിലായാണ് ശാസ്ത്രമേള നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേകിച്ച് വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള നിരവധി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ മേളയില്‍ തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു.
ശാസ്ത്രലോകത്തിനു ഗുണകരമാകുന്ന നൂതനമായ നിരവധി കണ്ടുപിടുത്തങ്ങള്‍ മേളയില്‍ സ്ഥാനം പിടിച്ചു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളെയാണ് മേള ആകര്‍ഷിച്ചത്. വിദ്യാര്‍ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തി പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കു അവരെ പ്രേരിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് വര്‍ഷം തോറും നടക്കുന്ന ശാസ്ത്ര മേളയുടെ ലക്ഷ്യം.