Kerala
സൈക്കോളജി പ്രവേശന പരീക്ഷകള്‍ ഒരേ ദിവസമായത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി

കോഴിക്കോട്: സൈക്കോളജി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ കേരളാ സര്‍വകലാശാലയും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും ഒരേ ദിവസം നടത്താന്‍ തീരുമാനിച്ചത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. മറ്റന്നാള്‍ ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെയാണ് കേരളാ സര്‍വകലാശലയുടെ സൈക്കോളജി പരീക്ഷ. അതേദിവസം ഉച്ചക്ക് 11.40 മുതല്‍ 1.40 വരെയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും ഈ കോഴ്‌സിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സൈക്കോളജി പി ജി സീറ്റുകള്‍ കുറവായതിനാല്‍ രണ്ട് സര്‍വകലാശാലകളിലും പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവരാണ് ഏറെയും. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയില്ല. തൊട്ടടുത്ത സെന്ററുകളാണെങ്കില്‍പോലും സമയക്രമമനുസരിച്ച് പരീക്ഷയെഴുതാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളാ സര്‍വകലാശാലയും കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശലയും സൈക്കോളജി പ്രവേശന പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.