Connect with us

Kerala

മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: പി സി ചാക്കോ

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വിലക്കുറവിന് ആനുപാതികമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ് വരുത്താതെ ജനങ്ങളെ മോദിസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എ ഐ സി സി വക്താവ് പി സി ചാക്കോ. നരേന്ദ്ര മോദിയുടെ ഒരുവര്‍ഷത്തെ ഭരണം വാഗ്ദാന ലംഘനങ്ങളുടേതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ കാര്‍ഷിക-വ്യാവസായിക മേഖലകള്‍ തകര്‍ന്നു. ബജറ്റില്‍ സാമൂഹികസുരക്ഷക്കും സ്ത്രീസുരക്ഷക്കുമുള്ള വിഹിതം കുറച്ചു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് മോദിയുടെ ഭാഗത്തുള്ളത്. രാജ്യം വളര്‍ച്ചാമുരടിപ്പിലാണ്. എന്‍ ഡി എയിലെ ഘടകകക്ഷികള്‍ ഈ നടപടികള്‍ക്കെതിരെ രംഗത്തുവരികയാണ്.
വിദേശ ബേങ്കുകളിലെ കള്ളപ്പണം നൂറുദിവസങ്ങള്‍ക്കകം തിരികെയെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരെഞ്ഞെടുപ്പു കാലത്ത് മോദിയുടെ വാഗ്ദാനം. കാര്‍ഷിക, സാമൂഹിക മേഖലകളെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. ജി ഡി പി യുടെ 17 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണെങ്കിലും ബജറ്റ് വിഹിതം ഏറ്റവും കുറവ് ഈ മേഖലയിലാണ്. സാമൂഹികമേഖലയില്‍ നല്‍കിവന്ന വിഹിതത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനകം 175122 കോടി രൂപയുടെ കുറവുണ്ടായി. യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത് 4.4 ശതമാനമായിരുന്ന കാര്‍ഷികമേഖലയുടെ വളര്‍ച്ചാനിരക്ക് 1.1 ആയി കുറഞ്ഞു.
കേരളത്തിലെ നേതൃനിരയില്‍ ആശയക്കുഴപ്പങ്ങളില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതൃനിരയാണ് കേരളത്തിലുള്ളത്. അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മാത്രമേ മന്ത്രിമാരുടെ രാജിവെക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

Latest