Kerala
ബേങ്കുകളുടെ ലയനം: ജീവനക്കാര്‍ രണ്ട് ദിവസം പണിമുടക്കും

തിരുവനന്തപുരം: എസ് ബി ടി അടക്കമുള്ള അസോസിയേറ്റ് ബേങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അസോസിയേറ്റ് ബേങ്കുകളിലെ ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ ജൂണ്‍ നാലിനും 24 നും പണിമുടക്കും. സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബേങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനിര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് ജയ്പൂര്‍ എന്നീ അസോസിയേറ്റ് ബേങ്കുകളുടെ സംയുക്ത സംഘടനയായ സ്റ്റേറ്റ് സെക്ടര്‍ ബേങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.എസ് ബി ഐയുടെ നിയന്ത്രണങ്ങളില്‍ നിന്ന് അസോസിയേറ്റ് ബേങ്കുകളെ സ്വതന്ത്രമാക്കാനും ജീവനക്കാരുടെ അവകാശം ഉറപ്പ് വരുത്താനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഇടപ്പെടണമെന്നും സംഘടന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലയനം നടന്നാല്‍ നിരവധി ശാഖകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുമെന്നും ഇവര്‍ആരോപിച്ചു.