എണ്ണ പൈപ്പ് ലൈന്‍ ചോര്‍ന്നു; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: May 22, 2015 5:12 am | Last updated: May 22, 2015 at 12:12 am

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബറയില്‍ എണ്ണ പൈപ്പ് ലൈന്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ശുദ്ധീകരണ ശ്രമങ്ങള്‍ക്ക് സഹായകമാകാനും ആവശ്യമായ ധനസഹായവും വിഭവങ്ങളും ലഭ്യമാക്കാനും വേണ്ടിയാണ് ബുധനാഴ്ച രാത്രി സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കടല്‍ തീരത്തും 14 കിലോമീറ്ററോളം കടലിലേക്കും വ്യാപിച്ച എണ്ണ തീരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് ഭീഷണിയാണ്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ചോര്‍ച്ചയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കടല്‍ തീരത്തെ ചെളിനിറഞ്ഞ ഇടങ്ങളില്‍ സംരക്ഷണ കവചങ്ങള്‍ ധരിച്ചാണ് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കടലില്‍ പരന്ന എണ്ണ ബോട്ട് ഉപയോഗിച്ചുമാണ് ശുദ്ധീകരിക്കുന്നത്. 1969ല്‍ വന്‍ എണ്ണ ചോര്‍ച്ച സാന്റ ബാര്‍ബറ തീരത്ത് ഉണ്ടായിരുന്നുവെങ്കിലും കടലിലുണ്ടായ എണ്ണ ചോര്‍ച്ചയില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ചേറ്റവും വലുതാണിത്.
നാല് ലക്ഷം ലിറ്ററോളം എണ്ണ പൈപ്പില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അതിന്റെ അഞ്ചിലൊന്ന് (80,000 ലിറ്റര്‍) കടലിലും പരന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു, ആദ്യം ലീക്ക് കണ്ടെത്തിയ സമയത്ത് 84,000 ഗാലണ്‍ എണ്ണയാണ് പൈപ്പിലൂടെ ഒഴുകികൊണ്ടിരുന്നത്.
മൂന്ന് മണിക്കൂര്‍ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ചോര്‍ച്ച അടച്ചത്. ചോര്‍ച്ച കണ്ടെത്തുന്നതിന് മുമ്പ് എത്രത്തോളം എണ്ണ ചോര്‍ന്നിട്ടുണ്ടെന്ന് പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.