Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം 24 മുതല്‍ കോഴിക്കോട്ട്‌

Published

|

Last Updated

കോഴിക്കോട്: അഞ്ച് വര്‍ഷത്തിന് ശേഷം നടക്കുന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം 24 മുതല്‍ 27വരെ കോഴിക്കോട്ട് നടക്കും. “മതേതര ഭാരതത്തിനായി യുവജനമുന്നേറ്റം” എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് വൈകിട്ട് നാലിന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചുള്ള ഇന്ന് രാവിലെ പത്തിന് മാനാഞ്ചിറ പരിസരത്ത് വര്‍ഗീയതക്കെതിരെ “അവന്റ് ഗാര്‍ഡ്” എന്ന പേരില്‍ പൊതുചിത്രരചന സംഘടിപ്പിക്കും. സാമൂഹികക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ “സ്വാതന്ത്ര്യസമര ചരിത്രവും കോണ്‍ഗ്രസ് ചരിത്രവും” ആലേഖനം ചെയ്യുന്ന ചിത്രപ്രദര്‍ശനം അരങ്ങേറും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ഛായാചിത്രജാഥയും, വൈക്കത്ത് നിന്നുള്ള പതാകജാഥയും, കാസര്‍കോട് നിന്നുള്ള കൊടിമരജാഥയും, പാലക്കാട് നെന്‍മാറയില്‍ നിന്നുള്ള ദീപശിഖാ പ്രയാണവും 24 ന് വൈകുന്നേരം അഞ്ചിന് കടപ്പുറത്ത് സമാപിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
24ന് രാവിലെ 11ന് കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനം ജനതാദള്‍ യുനൈറ്റഡ് സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. 25ന് വൈകീട്ട് നാലിന് “യുവരാഷ്ട്രീയത്തിന്റെ പുത്തന്‍ മാനങ്ങള്‍” എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഉദ്ഘാടനം ചെയ്യും. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി പങ്കെടുക്കും.
26ന് വൈകിട്ട് ഒരു ലക്ഷം യുവാക്കളെ അണിനിരത്തി നടത്തുന്ന റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളന്തില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി, എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാപ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ പങ്കെടുക്കും. 27 ന് രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ ബ്രാര്‍ ഉദ്ഘാടനം ചെയ്യും. 750 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പി പി നൗഷിര്‍, സംസ്ഥാന സെക്രട്ടറിമാരായ സി വി ജിതേഷ്, അജ്മല്‍ വണ്ടൂര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest