15 മാസത്തിനകം 60,000 നുഴഞ്ഞു കയറ്റക്കാര്‍ പിടിയില്‍

Posted on: May 21, 2015 7:38 pm | Last updated: May 21, 2015 at 7:38 pm

dubai airportദുബൈ: ജീവിതോപാധി തേടി അനധികൃത വഴിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 60,000 ആളുകള്‍ 15 മാസം കൊണ്ട് പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ ചിലര്‍ സുരക്ഷിതമല്ലാത്ത യാത്രാമാര്‍ഗം സ്വീകരിച്ചതിനാല്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടു. പിടിയിലായവരില്‍ നേരത്തെ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടവരും ഉള്‍പെടും. 10 തവണ നുഴഞ്ഞു കയറ്റത്തിന് പിടികൂടിയ ആളുകള്‍വരെ ഉള്‍പെടുമെന്നു ദുബൈ അസിസ്റ്റന്റ് പോലീസ് കമാണ്ടര്‍ മേജര്‍ ജനറല്‍ ഖലീല്‍ അല്‍ മന്‍സൂരി പറഞ്ഞു.
പിടിയിലായ 60,000 ആളുകളില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. കടല്‍ വഴിയും പര്‍വതം വഴിയും രാജ്യത്തേക്ക് നുഴഞ്ഞ് കടക്കാന്‍ ശ്രമിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. അപകടകരമായ വഴിയാണ് ഇവര്‍ സ്വീകരിച്ചത്. 2014, 2015ലെ ആദ്യ മൂന്ന് മാസ കാലയളവില്‍ 60,345 വിദേശികളാണ് പിടിയിലായത്. 27 ഓളം കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളും പിടിയിലായവരില്‍ ഉണ്ട്. 974 സ്ത്രീകളെയും കുട്ടികളെയുമാണ് കണ്ടെത്തിയത്. ഇവരില്‍ ചിലര്‍ പുരുഷന്മാരോടൊപ്പമാണ് എത്തിയത്. കുട്ടികളോട് അനുകമ്പാപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്.
അനധികൃത വഴിയില്‍ യു എ ഇയില്‍ എത്തിക്കുന്നതിന് വിദേശങ്ങളില്‍ സംഘടിത ശ്രമങ്ങളുണ്ട്. യു എ ഇയില്‍ മികച്ച ജീവിതം വാഗ്ദാനം ചെയ്ത് വലിയ തുക ഈടാക്കിയാണ് ചിലരെ പറഞ്ഞ് വിടുന്നത്. അതിര്‍ത്തിയില്‍വെച്ച് ഈ നിരപരാധികള്‍ പിടിക്കപ്പെടുകയാണ്. യു എ ഇയില്‍ നിന്ന് തിരിച്ചയക്കപ്പെട്ട് എട്ട് മണിക്കൂറിനകം വീണ്ടും അനധികൃത വഴിയില്‍ യു എ ഇയിലേക്ക് കടക്കാന്‍ ശ്രമിച്ചയാളും ഈ കൂട്ടത്തില്‍ ഉള്‍പെടും. മനുഷ്യക്കടത്ത് സംഘങ്ങളാണ് അനധികൃത താമസത്തിനായി ആളുകളെ എത്തിക്കുന്നത്. സുരക്ഷിതമല്ലാത്ത വഴികളിലൂടെ വരുമ്പോള്‍ അപകടങ്ങള്‍ സ്വാഭാവികം. ചിലര്‍ ഏറെ അവശതയോട് കൂടിയാണ് അതിര്‍ത്തി കടക്കുന്നത്. പലര്‍ക്കും ഇംഗ്ലീഷോ അറബിയോ അറിയുകയില്ല. പര്‍വതത്തിലൂടെയും മറ്റും നീണ്ട സഞ്ചാരം കഴിഞ്ഞ് എത്തുമ്പോള്‍ വെള്ളം പോലും ലഭ്യമാകാത്ത അവസ്ഥ അവര്‍ നേരിടാറുണ്ട്. പെട്രോള്‍ ടാങ്കിനകത്ത് വരെ ഒളിച്ചിരുന്ന് ആളുകള്‍ എത്തുന്നു. ഇവരെയൊക്കെ കണ്ടെത്താന്‍ പോലീസിന് കഴിവുണ്ടെന്ന് അസി. പോലീസ് കമാണ്ടര്‍ പറഞ്ഞു.