International
ബസില്‍ വിവേചനം: വിവാദ ഉത്തരവ് ഇസ്‌റാഈല്‍ മരവിപ്പിച്ചു

ജറൂസലം: ഇസ്‌റാഈലില്‍ നിന്ന് വെസ്റ്റ്‌ബേങ്കിലേക്ക് മടങ്ങുന്ന ബസുകളില്‍ ജൂത കുടിയേറ്റക്കാരുണ്ടെങ്കില്‍ ഫലസ്തീനികളെ ഇതില്‍ കയറുന്നതിന് നിരോധനമേര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് വിവാദമായേക്കാവുന്ന ഈ നടപടി മരവിപ്പിക്കണമെന്ന് ഉത്തരവിറക്കിയത്.
ഈ നീക്കം നെതന്യാഹുവിന് അസ്വീകാര്യമാണെന്നും പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത് മരവിപ്പിക്കുയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വെസ്റ്റ്‌ബേങ്കിലേക്കുള്ള ബസുകളില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. മൂന്ന് മാസക്കാലയളവില്‍ ഇസ്‌റാഈലില്‍ ജോലി ചെയ്യുന്ന ഫലസ്തീനികള്‍ ജുതന്‍മാര്‍ മടങ്ങിവരുന്ന ബസുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ്. നിലവില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ ഓരോ ദിവസവും വെസ്റ്റ് ബേങ്കില്‍ നിന്ന് ഇസ്‌റാഈലിലേക്ക് ജോലി തേടി പോകുന്നുണ്ട്. ഇവരില്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയിലാണ്. ഇതിന് വേണ്ടി പ്രത്യേക പാസും നേടിയിരിക്കണം.
വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തി സ്ഥിരതാമസമാക്കിയ ജുതന്‍മാര്‍ കുറെക്കാലമായി പൊതുബസുകളില്‍ ഫലസ്തീനികള്‍ക്ക് യാത്രക്കുള്ള അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ ഇസ്‌റാഈലിലെ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.