Malappuram
സമസ്ത പണ്ഡിത സമ്മേളനം 26ന് മലപ്പുറത്ത്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മലപ്പുറം ജില്ലാ ഘടകത്തിനു കീഴില്‍ ഈ മാസം 26ന് മലപ്പുറം ടൗണ്‍ ഹാളില്‍ പണ്ഡിത സമ്മേളനം സംഘടിപ്പിക്കും. വൈവാഹിക മേഖലയില്‍ പണ്ഡിതര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന ശീര്‍ഷകത്തില്‍ നികാഹ്, ത്വലാഖ്, ഫസ്ഖ്, ഖുല്‍അ്, മുത്അത്ത്, ഇദ്ദ, ഇ-നികാഹ്, സ്വയംവരം, മുത്വലാഖ്, ഖിയാര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാവിലെ 10 മുതല്‍ രണ്ട് മണി വരെ നടക്കുന്ന സമ്മേളനം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി സംബന്ധിക്കും.
ഇന്ന് സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പില്‍ നടത്താനിരുന്ന പണ്ഡിത സംഗമം ഈ മാസം 26ന് നടക്കുന്ന സമസ്ത ജില്ലാ പണ്ഡിത സമ്മേളനത്തിലേക്ക് മാറ്റിയതായി കണ്‍വീനര്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി അറിയിച്ചു.