സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു

Posted on: May 17, 2015 5:32 am | Last updated: May 16, 2015 at 11:32 pm

കൊച്ചി: എന്‍ജിനീയറിംഗ് തട്ടിപ്പു കേസില്‍ ഹൈദരാബാദില്‍ തെളിവെടുപ്പ് നടത്തിയ പോലീസ് സംഘം മലയാളി വിദ്യാര്‍ഥികളുടെ ഇരുനൂറോളം സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു. പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നിന്നാണ് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എറണാകുളം സൗത്ത് എസ് ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ ഹൈദരാബാദിലെ അഡിസുമല്ലി കോളജിലെത്തിയ പോലീസ് സംഘം കോളജിലെ ഓഫീസ് മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍, ഇവിടെ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളൊന്നും സൂക്ഷിച്ചിരുന്നില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എം എം കെ പ്രസാദിന്റെ 40 കിലോമീറ്റര്‍ അകലെയുള്ള രാമാനന്ദപുരത്തെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മുഴുവന്‍ സര്‍ട്ടിഫിക്കറ്റും പിടിച്ചെടുക്കുകയായിരുന്നു. മാസങ്ങളായി മാനേജ്‌മെന്റ് ശമ്പളം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടില്‍ കൊണ്ടു പോയതെന്ന് പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞു.
ജയേ്ഷ് ജെ കുമാര്‍ നടത്തിയ കരുണയില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിന്റെ കറുത്ത മുഖമാണ് ഹൈദരാബാദിലെത്തിയ പോലീസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്. ടോയ്‌ലറ്റ് പോലുമില്ലാത്ത വാടകകെട്ടിടം, അംഗീകാരമില്ലാത്ത സ്ഥാപനം, യോഗ്യതയില്ലാത്ത അധ്യാപകര്‍, ശമ്പളം കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തം വീട്ടില്‍ കൊണ്ടു പോയ പ്രിന്‍സിപ്പല്‍, വാടക കുടിശ്ശികയായതിനാല്‍ വിദ്യാര്‍ഥികളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന കെട്ടിട ഉടമ. ഉന്നത വിദ്യാഭ്യാസം തേടി ലക്ഷങ്ങള്‍ ചെലവിട്ട് അന്യനാട്ടിലെത്തിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ ദുരിതം വിവരണാതീതമായിരുന്നു. ഏഴ് പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജിലാണ് ഒരു ടോയ്‌ലറ്റ് പോലുമില്ലാത്തത്.
ആന്ധ്രയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആദിത്യ ഗ്രൂപ്പ് ഓഫ് എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പേരിനോട് സാമ്യമുള്ള ആദിത്യ ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന പനമ്പിള്ളി നഗറിലെ സ്ഥാപനത്തില്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി എത്തിയ വിദ്യാര്‍ഥികളില്‍ നിന്നാണ് അഞ്ചും ആറും ലക്ഷം രൂപ ജയേഷ് വാങ്ങിയത്. എന്നാല്‍ അഡിസുമല്ലി കോളജില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് ഫീസ്് 75,000 രൂപയാണ്. കോളജിന്റെ ഓണററി ചെയര്‍മാന്‍ ജയേഷാണ്. വിദ്യാര്‍ഥികളെ കബളിപ്പിച്ച് കൈക്കലാക്കിയ പണം മുഴുവന്‍ സ്വന്തം നേട്ടത്തിനുപയോഗിച്ച ജയേഷ് കോളജില്‍ മിനിമം സൗകര്യം പോലും ഒരുക്കാന്‍ പണം മുടക്കിയില്ലെന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. രണ്ട് അധ്യാപകരാണ് സ്ഥാപനത്തിലുള്ളത്. ഇവര്‍ അംഗീകാരമുള്ള കോഴ്‌സുകള്‍ പാസായവരല്ലെന്ന് അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു.