Kozhikode
റാഫി ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും

കോഴിക്കോട്: മലയാളി താരം മുഹമ്മദ് റാഫി ഐ എസ് എല്‍ രണ്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും. ആദ്യ സീസണിലെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയില്‍ നിന്ന് റാഫിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. പ്രതിരോധ നിരയിലെ കരുത്തനായ സന്ദേശ് ജിങ്കനെ 1.55 കോടി രൂപയെന്ന വന്‍തുകക്ക് ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തി. ഐ എസ് എല്ലില്‍ നാട്ടുകാരനായ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ലീഗിന്റെ രണ്ടാം സീസണിലേക്ക് ക്ലബ്ബുകള്‍ നിലനിര്‍ത്തിയതും പുതുതായി എടുത്തതുമായ കളിക്കാരുടെ ആദ്യഘട്ട പട്ടികയില്‍ നാല് മലയാളി താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. റാഫിയെയെ കൂടാതെ കഴിഞ്ഞതവണ ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ച സി എസ് സബീത്ത്, സീക്കോ പരിശീലകനായ എഫ് സി ഗോവയിലേക്ക് പോയി.
ചെന്നൈയിന്‍ എഫ് സി യിലായിരുന്ന ഡെന്‍സന്‍ ദേവദാസിനെയും ഗോവ കൊണ്ടുപോയി. കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കോഴിക്കോട്ടുകാരനായ ഗോള്‍കീപ്പര്‍ രഹ്‌നേഷിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും പഞ്ചാബി താരമായ ജിങ്കന് നേട്ടമായി. പ്രഥമ ഐ എസ് എല്ലില്‍ ബ്ലാസ്‌സ്റ്റേഴ്‌സിന്റെ വിശ്വസ്ത പോരാളിയായിരുന്നു ജിങ്കന്‍. ഐ എസ് എല്‍ പ്രകടനത്തിന്റെ മികവില്‍ ഈ ഇരുപത്തിരണ്ടുകാരന്‍ ദേശീയ സീനിയര്‍ ടീമിലുമെത്തി. ജിങ്കന് വേണ്ടി മൂന്ന് ടീമുകള്‍ രംഗത്തുണ്ടായിരുന്നെങ്കിലും കേരളത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ജിങ്കന് പുറമേ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി, പ്രതിരോധ നിരയിലെ സൗവിക് ഡേ, ഗുര്‍വീന്ദര്‍ സിംഗ്, നിര്‍മല്‍ ഛേത്രി, മധ്യനിരക്കാരായ മെഹ്താബ് ഹുസൈന്‍, രമണ്‍ദീപ്, ഇഷ്ഫാക് അഹമ്മദ് എന്നിവരെയും ബ്ലാസ്‌സ്റ്റേഴ്‌സ് നിലനിര്‍ത്തി. എന്നാല്‍, മലയാളി താരം സുശാന്ത് മാത്യുവിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ സീസണിലെ നായകന്‍ പെന്‍ ഒര്‍ജിക്കും ടീമില്‍ ഇടംകിട്ടിയില്ല. പീറ്റര്‍ ടെയ്‌ലറാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.