Connect with us

Kerala

അഴിമതി മറയാക്കി ഗ്രൂപ്പ് പടയൊരുക്കം

Published

|

Last Updated

തിരുവനന്തപുരം:ബാര്‍കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മറയാക്കി യു ഡി എഫ് സര്‍ക്കാറില്‍ നേതൃമാറ്റത്തിന് കളമൊരുക്കാന്‍ നീക്കം തുടങ്ങി. ഒറ്റപ്പെട്ട ശബ്ദമായി ഉയര്‍ന്നിരുന്ന നേതൃമാറ്റമെന്ന ആവശ്യത്തിന് ആക്കം കൂട്ടി നേതാക്കളുടെ അഴിമതിവിരുദ്ധ പ്രസ്താവനകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ പുതിയ നിഴല്‍ യുദ്ധത്തിന് തുടക്കമായിരിക്കുകയാണ്. ഇതിലൂടെ കോണ്‍ഗ്രസില്‍ വീണ്ടും ഒരു ഗ്രൂപ്പ് യുദ്ധത്തിനാണ് അരങ്ങൊരുങ്ങുന്നത്. കേരളത്തിലെ സര്‍വമേഖലയിലും അഴിമതി പടര്‍ന്നിരിക്കുകയാണെന്ന മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് സര്‍ക്കാറിനെ വിമര്‍ശിച്ച കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയത് ഇതാണ് വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ വിമര്‍ശം സര്‍ക്കാറിന് വന്‍ തിരിച്ചടിയായ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് വി ഡി സതീശനെ ലക്ഷ്യമിടുന്നത്.
സതീശനെതിരെ ഡല്‍ഹിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയും കേരളത്തില്‍ മന്ത്രി കെ സി ജോസഫും ശക്തമായാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെ സതീശനെ പിന്തുണച്ച് പല ഐ ഗ്രൂപ്പ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഐ ഗ്രൂപ്പ് നേരത്തെ തന്നെ നേതൃമാറ്റമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് കണ്ട് പിന്‍വാങ്ങുകയായിരുന്നു. ഇതിനിടെയാണ് കേരളത്തിലെത്തിയ എ കെ ആന്റണി, സര്‍ക്കാറിനെ പരസ്യമായി വിമര്‍ശിച്ചത്. ഈ അവസരം മുതലെടുക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ഫലത്തില്‍ ആന്റണിയുടെ പ്രസ്താവന തങ്ങളുടെ ഗ്രൂപ്പ് യുദ്ധത്തിന് ഇന്ധനമാക്കാനാണ് ഇരു ഗ്രൂപ്പുകളും ശ്രമിക്കുന്നത്. ആന്റണിയുടെ പരസ്യമായ അഴിമതി പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും സതീശന്റെ വാക്കുകള്‍ പിടിച്ച് ഐ ക്കെതിരെ പടനീക്കം നടത്തുകയാണ് എ ഗ്രൂപ്പ്. ആന്റണിയുടെ വിമര്‍ശം സര്‍ക്കാറിനെയും ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും ആന്റണിയോട് നേരിട്ട് പറയാന്‍ കഴിയാത്തതാണ് നേതാക്കള്‍ വി ഡി സതീശനോട് പറയുന്നത്. ആന്റണിയുടെ അഴിമതി പരാമര്‍ശം ഐ ഗ്രൂപ്പ് നേതൃമാറ്റത്തിന് ആയുധമാക്കുന്നുണ്ടെങ്കിലും ആന്റണയുടെയും സതീശന്റെയും വിമര്‍ശനങ്ങള്‍ രണ്ടാണെന്ന് വിശദീകരിച്ചാണ് എ വിഭാഗം പ്രതിരോധിക്കുന്നത്.
അതേസമയം, എ ഗ്രൂപ്പ് നേതാക്കളുടെ വിമര്‍ശത്തിനെതിരെ മറുപടിയുമായി സതീശന്‍ രംഗത്തുണ്ട്. ആന്റണിയുടെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമില്ലാത്തവരാണ് തന്റെ മേല്‍ കയറുന്നത്. തെറ്റുകണ്ടാല്‍ ഇനിയും പറയും. പണ്ട് കരുണാകരന്‍, ആന്റണി മന്ത്രിസഭകളെ മറിച്ചിടാന്‍ ഒളിഞ്ഞും തെളിഞ്ഞും ചരടുവലിച്ചവരാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. അവര്‍ക്ക് അത് പറയാന്‍ യോഗ്യതയില്ലെന്നും തന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ ആരും ലക്ഷ്യമിടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരമോഹിയായ സതീശന്‍, മന്ത്രി സ്ഥാനത്തിന് ശ്രമിക്കുകയാണെന്നും കേരളത്തിലെ ഹൈക്കമാന്‍ഡ് ആകാനാണ് നീക്കമെന്നുമാണ് കൊടിക്കുന്നില്‍ ആരോപിച്ചത്. സതീശന്റെ നിലപാട് അംഗീകരിക്കാനാകില്ല. അദ്ദേഹം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയുമാണ്. ഹൈക്കമാന്‍ഡിന്റെ ആളാണ് താനെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും വരുത്തുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. കെ പി സി സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നെങ്കിലും അതു കിട്ടിയില്ല. മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനമാണ് സതീശന്‍ ലക്ഷ്യമിടുന്നതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
സര്‍ക്കാറിനെതിരായി വന്ന വി ഡി സതീശന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നായിരുന്നു മന്ത്രി കെ സി ജോസഫിന്റെ പ്രതികരണം. പ്രതിപക്ഷ സ്വരത്തിന്റെ ഭാഗമായി സതീശന്‍ സംസാരിക്കുന്നത് ശരിയല്ല. കേരളത്തിലെ കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന് അറിയാം. ആരും ഹൈക്കമാന്‍ഡ് ചമയണ്ട. കെ പി സി സിയുടെ ആറ് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമാണ് സതീശന്‍. എ കെ ആന്റണിയുടെയും സതീശന്റെയും വാക്കുകള്‍ ഒരുപോലെ കാണാനാകില്ല. അടുത്ത കാലത്തായി കേരളത്തില്‍ നേതൃമാറ്റം നടക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുവെന്നും കെ സി ജോസഫ് പറഞ്ഞു.
എ ഗ്രൂപ്പിലാണെങ്കിലും ആന്റണിയോടും സുധീരനോടും ഏറെ അടുപ്പമുള്ള കൊടിക്കുന്നില്‍ സുരേഷ് തന്നെ ആദ്യമായി പ്രതികരിച്ചത് ഏറെ ശ്രദ്ധേയമായി. ഇതിന് പിറകെ സതീശനെ പിന്തുണച്ച ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴക്കനും അജയ് തറയിലും കൊടിക്കുന്നില്‍ സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest