Gulf
ഗള്‍ഫ് മേഖലയുടെ സുരക്ഷ ലോക സുരക്ഷക്ക് അത്യന്താപേക്ഷിതം-ജനറല്‍ ശൈഖ് മുഹമ്മദ്

അബുദാബി: ഗള്‍ഫ് മേഖലയുടെ സുരക്ഷ ലോക സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ അഭിപ്രായപ്പെട്ടു. മേഖലയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയും തന്ത്രപ്രധാനമായ കിടപ്പും ലോക സമാധാനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ നടക്കുന്ന ജി സി സി രാജ്യങ്ങളുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ ശൈഖ് മുഹമ്മദ്. യു എ ഇ പ്രതിനിധി സംഘത്തെ നയിച്ചാണ് ജനറല്‍ ശൈഖ് മുഹമ്മദ് അമേരിക്കയില്‍ എത്തിയത്.
ജി സി സി രാജ്യങ്ങള്‍ക്ക് തങ്ങളുടെ ചുമലിലുള്ള ഉത്തരവാദിത്വത്തിന്റെ ഭാരം വ്യക്തമായി അറിയാം. മേഖലയുടെ അഖണ്ഡതയും പ്രാധാന്യവും ജി സി സി രാജ്യങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ജി സി സി രാജ്യങ്ങളുടെ മുഖ്യ തന്ത്രപ്രധാന പങ്കാളിയാണ് അമേരിക്ക. മേഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ അമേരിക്കക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്. ലോക ശക്തിയെന്ന നിലയിലും പരസ്പരമുള്ള താല്‍പര്യങ്ങളുടെ പേരിലും ജി സി സി രാജ്യങ്ങള്‍ക്കും അമേരിക്കക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചേ മതിയാവൂ. ജി സി സി മേഖല ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തീവ്രവാദ സംഘങ്ങളില്‍ നിന്നും ഭീഷണി നേരിടുന്ന വര്‍ത്തമാനകാലത്ത് സഹോദര രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം കൂടുതല്‍ ദൃഢമാക്കിയേ തീരൂ. ഇതിനായി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ജി സി സി അംഗരാജ്യങ്ങളുടെ മുഴുവന്‍ താല്‍പര്യങ്ങള്‍ക്കും അനുസൃതമായി നടപ്പാക്കുകയും വേണം. എന്നാലെ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാനാവൂവെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ഉച്ചകോടിയുടെ ഭാഗമായി വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അത്താഴവിരുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി മേഖലാ വിഷയങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള കാര്യങ്ങളും ജനറല്‍ ശൈഖ് മുഹമ്മദ് ചര്‍ച്ച ചെയ്തിരുന്നു. ബറാക് ഒബാമയായിരുന്നു ജനറല്‍ ശൈഖ് മുഹമ്മദിനൊപ്പം മറ്റ് ജി സി സി രാഷ്ട്രനേതാക്കള്‍ക്കും വൈറ്റ് ഹൗസില്‍ അത്താഴമൊരുക്കിയത്. ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അമേരിക്കയിലെ യു എ ഇ സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ തുടങ്ങിയവരും ജനറല്‍ ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, സഊദി അറേബ്യന്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രിം കമാണ്ടറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമാദ് അല്‍ ഖലീഫ രാജകുമാരന്‍, ഒമാന്‍ ക്യാബിനറ്റ് കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ് മൂദ് അല്‍ സെയ്ദ് തുടങ്ങിയവരും വിരുന്നിലും ഉച്ചകോടിയിലും പ്രതിനിധി സംഘത്തിനൊപ്പം പങ്കെടുത്തു.