National
കേരളത്തിലെ സ്ഥിതി സോണിയയെയും രാഹുലിനെയും അറിയിച്ചുവെന്ന് സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ധരിപ്പിച്ചുവെന്ന് കെ പി സി സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇരു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നേതാക്കള്‍ പരസ്യപ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നു സുധീരന്‍ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. നേതാക്കള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇത് ഒരു അച്ചടക്ക നടപടിയല്ല മറിച്ച് അഭ്യര്‍ഥനയാണെന്നും ഒരു ചോദ്യത്തിന് ഉത്തരമായി സുധീരന്‍ പറഞ്ഞു. നേതൃമാറ്റം ഒരിടത്തും ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന വി ടി സതീശന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് കെപി സി സി പ്രസിഡന്റിന്റെ ഇടപെടല്‍.
ഇന്ന് രാവിലെ ഡല്‍ഹിയിലെ രാഹുലിന്റെ വസതിയില്‍ ചെന്നാണ് സുധീരന്‍ കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നായിരുന്നു കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവിത്യാസങ്ങളില്ലെന്നും പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നവും പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. .
ഈ മാസം 26ന് രാഹുല്‍ കേരളത്തില്‍ എത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും.