Kozhikode
വൃക്കരോഗ പ്രതിരോധ പദ്ധതി; സര്‍വേ പരിശീലനം ആരംഭിച്ചു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വൃക്കരോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ സര്‍വേ നടത്തുന്നതിനുള്ള എന്യൂമറേറ്റര്‍മാരുടെ പരിശീലന പരിപാടി ബ്ലോക്ക് പ്രസിഡന്റ് എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ എം വിനോദ്, ഇ വി രാമചന്ദ്രന്‍, ശശികുമാര്‍ പേരാമ്പ്ര, എ കെ തറുവയ് ഹാജി, ഡോ. ആനന്ദന്‍, ഡോ. വിനോദ്, എച്ച് ഐ സത്യന്‍ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലുള്ള 40,224 വീടുകളിലെ 1,66,946 വ്യക്തികളെ നേരില്‍ക്കണ്ട് വിവര ശേഖരണം നടത്തും. പ്രാഥമിക സര്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചതിന് ശേഷം ബ്ലോക്ക് പഞ്ചായത്തിലെ 171 അങ്കണ്‍വാടി തലങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ കണ്ടെത്തിയവരെ പരിശോധനക്ക് വിധേയരാക്കും. ഈ പരിശോധനയില്‍ വൃക്ക രോഗം വരാന്‍ സാധ്യതയുള്ളവരെയും, രോഗലക്ഷണള്‍ പ്രകടമായവരെയും കണ്ടെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. മൂന്നാം ഘട്ട പരിശോധനക്ക് ശേഷം താലൂക്ക് ആശുപത്രി തലത്തില്‍ ലാബ് പരിശോധന നടത്തിയ ശേഷമാണ് അന്തിമ ലീസ്റ്റ് തയ്യാറാക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.