Connect with us

Gulf

രാജ്യത്തെ പാതി സ്ത്രീകളും അമിതവണ്ണക്കാരെന്ന് ഡബ്ലിയു എച്ച് ഒ

Published

|

Last Updated

അബുദാബി: രാജ്യത്തെ പാതി സ്ത്രീകളും വൈദ്യശാസ്ത്രപരമായി അമിതവണ്ണക്കാരാണെന്ന് ഡബ്ലിയു എച്ച് ഒ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അമിതവണ്ണക്കാരായ സ്ത്രീകള്‍ ജീവിക്കുന്ന മേഖലയില്‍ ഒന്നാണ് യു എ ഇയെന്നും ഡബ്ലിയു എച്ച് ഒയുടെ വേള്‍ഡ് ഹെല്‍ത് സ്റ്റാറ്റിസ്റ്റിക്‌സ് 2015 വ്യക്തമാക്കുന്നു. യു എ ഇയില്‍ താമസിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ 45.1 ശതമാനവും അമിതവണ്ണക്കാരാണ്.
18 വയസിന് മുകൡ പ്രായമുള്ളവരുടെ കണക്കാണിത്. 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ അമിതവണ്ണക്കാരുടെ ശതമാനം 33.8 ആണ്. ഇത് കടുത്ത ആശങ്കക്ക് ഇടയാക്കുന്ന കാര്യമാണെന്ന് അബുദാബി എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലാലു ചാക്കോ അഭിപ്രായപ്പെട്ടു. നാം ചുറ്റും നോക്കിയാല്‍ ധാരാളം അമിതവണ്ണക്കാരെ കാണാന്‍ സാധിക്കും. അമിതവണ്ണമെന്നത് യു എ ഇയില്‍ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കയാണ്.
ലോകത്തില്‍ അമിതവണ്ണക്കാരായ സ്ത്രീകളുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്തുള്ള രാജ്യമാണ് യു എ ഇ. ആറാം സ്ഥാനത്ത് കുവൈത്ത്(45.9 ശതമാനം), അഞ്ചാം സ്ഥാനത്ത് തുവാലു(46.4), കിരിബതി(48.5), മാര്‍ഷല്‍ ഐലന്റ്‌സ്(48.98), തെക്കന്‍ പെസഫിക് ദ്വീപ് രാജ്യമായ നിയു(49), ഖത്തര്‍(49.7) എന്നിവയാണ് യു എ ഇക്ക് മുമ്പില്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന രാജ്യങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണ ശീലവും വ്യായാമമില്ലാത്ത ജീവിതവുമാണ് അമിതവണ്ണത്തിന് ഇടയാക്കുന്നത്. അമിതവണ്ണം ഹൃദ്‌രോഗം ഉള്‍പെടെ നിരവധി രോഗങ്ങള്‍ക്ക് ഇടയാക്കുന്നത് കൂടിയാണ്. രക്തസമ്മര്‍ദം വര്‍ധിക്കല്‍, സ്‌ട്രോക്ക്, പ്രമേഹം എന്നീ മാരക രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. സാധാരണ സ്ത്രീകളില്‍ നല്ലൊരു ശതമാനവും സുഖപ്രസവം നടക്കുമ്പോള്‍ അമിതവണ്ണക്കാരില്‍ ബഹുഭൂരിപക്ഷവും സിസേറിയന് വിധേയരാവേണ്ടി വരുന്നു. പലര്‍ക്കും അമ്മയാവാന്‍ അമിതവണ്ണത്താല്‍ സാധിക്കാറില്ലെന്നും ഡോ. ലാലു ഓര്‍മപ്പെടുത്തി.
സ്വദേശി സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ അപേക്ഷിച്ച് കൂടുതല്‍ അമിതവണ്ണക്കാരാണെന്ന് സായിദ് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷ്യന്‍ വിഭാഗം അസി. പ്രോഫ. മിറെ കാരവന്‍ഷ്യന്‍ വ്യക്തമാക്കി. പുരുഷന്മാര്‍ കൂടുതല്‍ ആക്ടീവായ ജീവിത ശൈലി തുടരുന്നതിനാലാണിത്. മിക്ക സ്വദേശി സ്ത്രീകള്‍ക്കും വ്യായാമത്തിനുള്ള ഏക മാര്‍ഗം ജിംനേഷ്യമാണ്.
എന്നാല്‍ സ്വദേശി സ്ത്രീകളില്‍ ജിംനേഷ്യത്തെക്കുറിച്ച് അറിയുന്നവരുടെ സംഖ്യ തന്നെ കുറവാണെന്നതാണ് സത്യം. അറിയുന്നവരില്‍ പോലും നല്ലൊരു ശതമാനം ഇത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ തയ്യാറാവുന്നില്ലെന്നും മിറെ ഓര്‍മിപ്പിച്ചു.

Latest