ശൈഖ് മുഹമ്മദിനെ ട്വിറ്ററില്‍ പിന്തുടരുന്നത് 40 ലക്ഷത്തിലധികം ആളുകള്‍

Posted on: May 15, 2015 10:06 pm | Last updated: May 15, 2015 at 10:06 pm

twitterദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ ട്വിറ്ററില്‍ പിന്തുടരുന്നത് 40 ലക്ഷത്തില്‍ അധികം ആളുകള്‍.
സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രനേതാക്കളില്‍ ഒരാളാണ് യു എ ഇയുടെ പ്രിയ ഭരണാധികാരിയായ ശൈഖ് മുഹമ്മദ്. ട്വിറ്ററിന് പുറമെ മറ്റ് സാമൂഹിക മാധ്യമങ്ങളില്‍ ലോക വ്യാപകമായി പിന്തുടരുന്നവരുടെ എണ്ണം കൂടി ഉള്‍പെടുത്തിയാല്‍ ശൈഖ് മുഹമ്മദിനെ പിന്തുടരുന്നവര്‍ 85 ലക്ഷത്തോളം വരും.
ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ പഠന പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രനേതാവാണ് ശൈഖ് മുഹമ്മദ്. 2014നെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിക് കോ-ഓപറേഷന്‍ഈ പഠനം നടത്തിയിരിക്കുന്നത്.
പിന്തുടരുന്നവര്‍ക്ക് ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു. പിന്തുടരുന്നവരെക്കുറിച്ച് അഭിമാനമുണ്ട്. അവരുടെ ക്രിയാത്മകമായ അഭിപ്രായങ്ങളെയും വീക്ഷണത്തെയും മാനിക്കുന്നു. വികസന പ്രക്രിയയില്‍ അവയെല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തിന്റെ നേട്ടങ്ങളില്‍ പ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. അറിവും വികസനവും കണ്ടുപിടുത്തങ്ങളുമെല്ലാം പങ്കിടുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണ്.
ഇവയില്‍ നിന്നു ലഭിക്കുന്ന ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ രാജ്യത്തിന് ഏറെ ഉപകരാപ്രദമാണ്. മനുഷ്യ നന്മക്കായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയെന്നതാണ് രാജ്യത്തിന്റെ നയമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.