National
സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് സെക്സ് വീഡിയോ പ്രചരണം; യുവാവ് പിടിയില്‍

ബംഗളുരൂ: സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ സെക്‌സ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിച്ചിരുന്ന യുവാവിനെ സി ബി ഐ സംഘം അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ കൂനോര്‍ ആണ് ബംഗളുരുവില്‍ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നായി നാന്നൂറിലധികം പോണ്‍ വീഡിയോ ക്ലിപ്പുകളും സി ബി ഐ സംഘം കണ്ടെടുത്തു. ഇവയില്‍ ഭൂരിഭാഗവും ലൈംഗിക ചൂഷണം വ്യക്തമാക്കുന്നവയാണെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. സെക്‌സ് വീഡിയോ പ്രചരിപ്പിക്കുന്ന മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കരുതുന്നു.
യുവതികളെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത 9 കേസുകളില്‍ അന്വേഷണം നടത്താന്‍ സി ബി ഐക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ പ്രചരിച്ച ഒരു ക്ലിപ്പ് പ്രതികളെ കണ്ടെത്താന്‍ ആഹ്വാനം ചെയ്ത് ഇരയുടെ മുഖം മറച്ച് മലയാളി സാമൂഹിക പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഷെയിം ദ റൈപ്പിസ്റ്റ് എന്ന പേരില്‍ അവര്‍ നടത്തിയ ക്യാമ്പയിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സി ബി ഐക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്.