Kozhikode
മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തിക്ക് ശനിദശ

മുക്കം: മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തിക്ക് ശനിദശ മാറിയില്ല. വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ആറ് സര്‍ക്കാര്‍ ഓഫീസുകള്‍ സൗകര്യപ്രദമായി ഒരേ കേന്ദ്രത്തിലെത്തിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഗസ്ത്യന്‍മുഴിയിലെ സ്ഥലത്താണ് കഴിഞ്ഞ വര്‍ഷം മിനി സിവില്‍സ്റ്റേഷന്റെ പ്രവൃത്തി ആരംഭിച്ചത്. മൂന്നരക്കോടി രൂപ ചെലവില്‍ നിര്‍മിക്കേണ്ട നിര്‍മാണ പ്രവൃത്തിയില്‍ രണ്ടരക്കോടി ചെലവഴിച്ചിട്ടും ഒരു രൂപ പോലും അനുവദിച്ചുകിട്ടാത്തതതിനെ തുടര്‍ന്നാണ് കരാറുകാരന്‍ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന രൂപത്തിലാണ് ആരംഭിച്ചതെങ്കിലും സാനിറ്ററി, പ്ലമ്പിംഗ്, പെയിന്റിംഗ് എന്നിവയാണ് പൂര്‍ത്തിയാക്കാനുള്ളത്. മുക്കം രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, കൃഷിഭവന്‍, മൃഗാശുപത്രി, എ ഇ ഒ, കെ എസ് ഇ ബി തുടങ്ങിയ ഓഫീസുകളും സ്ഥാപനങ്ങളുമാണ് നിലവില്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.