Connect with us

Kerala

ഘടകകക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്തരാവാദിത്തം കോണ്‍ഗ്രസിനെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഘടക കക്ഷികളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും.വീക്ഷണത്തിന്റെ മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. കോണ്‍ഗ്രസുമായി ജെഡിയുവിന് നല്ല ബന്ധമാണ് ഉള്ളത്. യുഡിഎഫിനെ തകര്‍ക്കാന്‍ എത്ര ശ്രമിച്ചാലും അത് സാധിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗം എഴുതിയിരുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം…….

ഇത് ചെമ്പരത്തിപ്പൂവല്ല; സ്പന്ദിക്കുന്ന ഹൃദയമാണ്

പൊറുത്ത കുടിലില്‍ നിന്നും ഉടുതുണിയും ഉഴിയരിയും കുടിനീരുമില്ലാതെ ചവിട്ടി പുറത്താക്കിയപ്പോള്‍ കിടന്നുറങ്ങാന്‍ പായയും വിശപ്പകറ്റാന്‍ ആഹാരവും ദാഹമകറ്റാന്‍ വെള്ളവും നാണം മറയ്ക്കാന്‍ തുണിയും നല്‍കിയവനെ അശരണരും ആലംബഹീനരും ദൈവമായാണ് കാണാറുള്ളത്. അത് നന്ദിയും കടപ്പാടുമുള്ള സുമനസ്സുകളുടെ കാര്യം. അഭയം നല്‍കി ഏറെക്കാലം അന്തിയുറങ്ങിയ കൂരയ്ക്ക് തീകൊളുത്തി വെളുപ്പാന്‍ കാലത്ത് ഇറങ്ങിപ്പോകുന്നത് വഞ്ചനയും ക്രൂരതയുമാണ്. ഇത് നന്ദികെട്ടവരുടെയും ഹൃദയശൂന്യരുടെയും കാര്യം. കിടപ്പറയില്‍ നിന്നിറങ്ങിപ്പോയി വഴിയേ പോകുന്ന ജാരനുമായി സൊള്ളുന്നതും സംസര്‍ഗത്തിന് വിലപേശി വിലയുറപ്പിക്കുന്നതും കുടിലകളുടെ കാര്യം. മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ മാത്രമല്ല; നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളിലും മേല്‍പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണ്. കുന്നോളം നന്മ ചെയ്യുന്ന കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്ദി തിരിച്ചു കിട്ടാത്തത് എന്തു കൊണ്ടാണ്? കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നന്ദികേടുകളും ഭീഷണികളും വിലപേശലുകളുമാണ് മേല്‍പറഞ്ഞ വിചിന്തനത്തിന് കാരണം. ഭൂമിയോളം താണുകൊടുത്ത കോണ്‍ഗ്രസിന് ഇനിയും താണു കൊടുക്കാന്‍ ഇടമില്ല; മഹാവലിയെപ്പോലെ സ്വന്തം ശിരസ്സ് മാത്രമേയുള്ളൂ. കരളെടുത്ത് കാണിച്ചാലും കൂടെ പൊറുക്കുന്നവര്‍ പറയുന്നത് ചെമ്പരത്തിപ്പൂവ് എന്നാണ്. ക്ഷമ ജയിക്കും, കോപം ജയിക്കില്ല എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു തോല്‍പ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ആന ക്ഷയിച്ചിട്ടുണ്ട്; പക്ഷെ ആടായി തീര്‍ന്നിട്ടില്ല; അതുകൊണ്ട് കോണ്‍ഗ്രസിനെ ആലയില്‍ കെട്ടാന്‍ ആരും ശ്രമിക്കരുത്. കോണ്‍ഗ്രസ് ആനപ്പന്തിയില്‍ തന്നെ പുലരും. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ എന്നും ജനാധിപത്യ മര്യാദയും മാന്യതയും പാലിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതിന്റെ പേരില്‍ ഏറെ കഷ്ടതകളും നഷ്ടങ്ങളും സഹിച്ച പ്രസ്ഥാനവും കോണ്‍ഗ്രസ് തന്നെ. 1960ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 58 സീറ്റുകളോടെ തനിച്ചു ഭൂരിപക്ഷമുണ്ടായിട്ടും 19 സീറ്റുകള്‍ മാത്രമുള്ള പി എസ് പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പട്ടം താണുപിള്ള എന്ന പരിണിതപ്രജ്ഞനായ നേതാവിനോടുള്ള ആദരവായിരുന്നു മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. 1970ലും ഇതാവര്‍ത്തിച്ചു. 33 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരാതെ 16 സീറ്റുള്ള സി പി ഐയുടെ അച്യുതമേനോനെ മുഖ്യമന്ത്രിയായി വാഴിച്ചു. പിന്നീട് മന്ത്രിസഭയില്‍ ചേര്‍ന്നിട്ടും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചില്ല. ഇന്ന് ഒരു പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് പോലും കശപിശ കൂടുന്നവര്‍ കോണ്‍ഗ്രസ് നല്‍കിയ ത്യാഗത്തിന്റെയും ഉദാരതയുടെയും മൂല്യം തിരിച്ചറിയേണ്ടതാണ്. രാഷ്ട്രീയത്തില്‍ അശരണരുടെ അഭയവും പീഡിതരുടെ സാന്ത്വനവുമായിരുന്നു കോണ്‍ഗ്രസ്. 1986ല്‍ എം വി രാഘവന്‍ എന്ന തീപ്പൊരി നേതാവിനെ സി പി എം നിര്‍ദ്ദയം പടിയടച്ചു പിണ്ഡം വെച്ചപ്പോള്‍ യു ഡി എഫില്‍ അഭയസ്ഥാനം നല്‍കിയത് കോണ്‍ഗ്രസായിരുന്നു. സി പി എമ്മിന്റെ കൊടും പ്രതികാരത്തെ അതിജീവിച്ചു അദ്ദേഹത്തെ അഴീക്കോട്ട് നിന്ന് കോണ്‍ഗ്രസ് വിജയിപ്പിച്ചു; പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ മന്ത്രിയുമാക്കി. രാഷ്ട്രീയ ജീവിതം മാത്രമല്ല; വൈയക്തിക ജീവിതം പോലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ഹോമിച്ച ഗൗരിയമ്മയെ 1994ല്‍ സി പി എം ചവിട്ടി പുറത്താക്കിയപ്പോള്‍ അവര്‍ക്ക് ആശ്വാസത്തിന്റെയും രക്ഷയുടെയും അഭയസ്ഥാനം നല്‍കിയത് കോണ്‍ഗ്രസായിരുന്നു. ഗൗരിയമ്മയെ അരൂരില്‍ മത്സരിപ്പിച്ചു വിജയിപ്പിച്ചു മന്ത്രിയാക്കി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എം ജനതാദളിനെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി അപമാനിച്ചു വിട്ടപ്പോള്‍ രാഷ്ട്രീയ അഭയവും അസ്തിത്വവും നല്‍കി കോണ്‍ഗ്രസ് സംരക്ഷിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുദീര്‍ഘമായ സൗഹാര്‍ദ്ദം മറന്ന് ആര്‍ എസ് പിയെ പിടലിക്ക് പിടിച്ചു പുറത്താക്കിയപ്പോള്‍ സിറ്റിംഗ് സീറ്റ് നല്‍കി കോണ്‍ഗ്രസ് അവരുടെ മാനം കാത്തു. കടലോളം കനിവും ആകാശപ്പരപ്പോളം ആദരവും നല്‍കിയ കോണ്‍ഗ്രസിനെ ആരെങ്കിലും തിരിച്ചുകുത്തിയാല്‍ ചരിത്രം അവര്‍ക്ക് മാപ്പ് നല്‍കില്ല. യേശുവിനെ ഒറ്റുകൊടുത്ത യൂദാസിനും സീസറെ കുത്തിയ ബ്രൂട്ടസിനുമൊപ്പമായിരിക്കും ചരിത്രത്തില്‍ അവര്‍ക്കുള്ള അപമാന സ്ഥാനം. ഞങ്ങള്‍ പറയുന്നു, കോണ്‍ഗ്രസ് വിടര്‍ത്തിക്കാണിക്കുന്നത് ചെമ്പരത്തിപ്പൂവല്ല; സ്പന്ദിക്കുന്ന ഹൃദയമാണ്.

---- facebook comment plugin here -----

Latest