ആയുധ ബലവും സി എ ജി റിപ്പോര്‍ട്ടും

Posted on: May 13, 2015 6:00 am | Last updated: May 12, 2015 at 10:28 pm

SIRAJ.......ശാക്തിക ചേരിയില്‍ ഇടം നേടാനുള്ള യജ്ഞത്തിലാണ് ഇന്ത്യ. ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശ മേഖലയിലുമെല്ലാം കുതിപ്പ് നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. സാമ്പത്തിക മേഖലയിലും രാജ്യം വന്‍കുതിപ്പിലാണെന്നും 2028ല്‍ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നുമാണ് ലണ്ടന്‍ ആസ്ഥാനമായുള്ള സാമ്പത്തിക കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെബര്‍ പറയുന്നത്. ഇതിനിടയില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയെക്കുറിച്ച് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വരച്ചുകാട്ടുന്ന ചിത്രം ദയനീയമാണ്. സൈന്യം ഗുരുതരമായ ആയുധക്ഷാമം നേരിടുകയാണെന്നും നല്ലൊരു യുദ്ധമുണ്ടായാല്‍ നേരിടാനുള്ള ശേഷി രാജ്യത്തിനില്ലെന്നമാണ് സി എ ജിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുദ്ധമേഖലയില്‍ പരമാവധി 20 ദിവസം പിടിച്ചുനില്‍ക്കാനുള്ള ആയുധശേഖരമേ രാജ്യത്തുള്ളു. 2013 മാര്‍ച്ചിലെ കണക്കനുസരിച്ചു 170 ഇനം ആയുധങ്ങളില്‍ 125 എണ്ണവും അത്യാവശ്യഘട്ടങ്ങളില്‍ ആവശ്യമായതിലും വളരെ കുറവാണ്. ഇവയില്‍ തന്നെ 50 ശതമാനം പത്ത് ദിവസത്തെ യുദ്ധത്തിന് പോലും തികയില്ലെന്നും സി എ ജി ചൂണ്ടിക്കാട്ടുന്നു.
കുറേ വര്‍ഷങ്ങളായി ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതി 140 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ്. ലോകത്തെ മൊത്തം ആയുധ ഇടപാടിന്റെ പത്ത് ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോള്‍. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്‌റാഈല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി 78,175 കോടി രൂപയുടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തതായി 2013ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരന്നു. 2009-10 കാലയളവില്‍ ആയുധ ഇറക്കുമതിക്ക് 13,411.91 കോടി ചെലവിട്ട സ്ഥാനത്ത് അടുത്ത വര്‍ഷം 15,443.01 കോടി വിനിയോഗിച്ചു. 2011-12 കാലയളവില്‍ അത് 24,193.83 കോടിയായി കുത്തനെ ഉയര്‍ന്നു. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയില്‍ 25,126.10 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി.
ഇതനുസരിച്ചു ഇന്ത്യയുടെ പ്രതിരോധ ബജറ്റും കുത്തനെ ഉയരുകയാണ്. 2011-12 വര്‍ഷത്തില്‍ 1,93,407 കോടിയായിരുന്നു പ്രതിരോധ മേഖലക്കായി നീക്കിവെച്ചതെങ്കില്‍ 2012-13 ല്‍ 2,03,672 കോടിയായും 2014-15ല്‍ 2,24,000 കോടിയായും ഉയര്‍ന്നു. 2015-16ല്‍ രാജ്യത്തിന്റെ മൊത്തം ചെലവിന്റെ 13.88 ശതമാനം വരുന്ന 2,46,727 കോടി രൂപയാണ് വകയിരുത്തിയത്. സാമൂഹിക സേവന തുറകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴും പ്രതിരോധമേഖലയെ പുഷ്ടിപ്പെടുത്തുന്നതില്‍ അശേഷവും പിശുക്ക് കാട്ടാറില്ല. എന്നിട്ടുമെന്തേ പടക്കോപ്പുകളുടെ കാര്യത്തില്‍ ഈ ദയനീയാവസ്ഥ? ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സൈനിക ഇടപാടുകളില്‍ നിരന്തരം ഉയര്‍ന്ന കേട്ട അഴിമതിക്കഥകളും വി കെ സിംഗിനെയും വി കെ മാലികിനെയും പോലുള്ള മുന്‍സൈനിക മേധാവികളുടെ വെളിപ്പെടുത്തലും മുന്നില്‍ തെളിയുന്നത്. ബോഫോഴ്‌സ് ഇടപാടില്‍ 61 കോടി രൂപയുടെ കമ്മീഷന്‍ പോയ വഴികള്‍ ഇന്നും ദുരൂഹമാണ്. ഒട്ടോവിയോ ക്വത്‌റോച്ചി എന്ന ഇറ്റലിക്കാരന്റെ മരണത്തോട ആ രഹസ്യം മണ്ണടിഞ്ഞുവെന്നാണ് കരുതുന്നത്. 2010 ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍മെകാനിക’യുമായി ഒപ്പിട്ട ഇടപാടില്‍ മുന്‍ സൈനിക മേധാവി എസ് പി ത്യാഗിയും മറ്റും തട്ടിയത് 360 കോടിയായിരുന്നത്രെ. ഫ്രാന്‍സുമായി 24,000 കോടി രൂപക്കുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ റാഫേല്‍ യുദ്ധവിമാന കരാറിനും ചില പിന്നാമ്പുറക്കഥകളുള്ളതായി വാര്‍ത്തയുണ്ട്. ആയുധങ്ങള്‍ക്കായി ചെലവിടുന്ന തുകയില്‍ നല്ലൊരു പങ്ക് ഇടനിലക്കാരുടെ കൈകളിലാണെത്തുന്നത്. ഇങ്ങനെ വാങ്ങിക്കൂട്ടുന്ന ആയുധങ്ങളിലേറെയും നിലവാരമില്ലാത്തവയാണെന്നു മുന്‍ കരസേനാ മേധാവി വി കെ സിംഗ് വെളിപ്പെടുത്തുകയുമുണ്ടായി. കാലാഹരണപ്പെട്ട ആയുധങ്ങളാണ് ഉയര്‍ന്ന വില നല്‍കി ഇന്ത്യ പലപ്പോഴും വാങ്ങിക്കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു. പിന്നെ എങ്ങനെയാണ് നമ്മുട ആയുധ മേഖല പുഷ്ടിപ്പെടുന്നത്? ആയുധ സംഭരണത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും ഗുരുതപാളിച്ചകളാണ് ബന്ധപ്പെട്ടവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് സി എ ജി ചൂണ്ടിക്കാട്ടിയതും. പ്രതിരോധ ബജറ്റ് തുക ഇനിയും കുത്തനെ ഉയര്‍ത്തുകയും കൂടുതല്‍ ആയുധങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയുമല്ല ഇതിന് പരിഹാരം. ഇടപാടുകള്‍ സുതാര്യവും അഴിമതി മുക്തവുമാക്കുകയാണ്. നമുക്കാവശ്യമായ ആയുധങ്ങള്‍ പരമാവധി ഇവിടെ തന്നെ ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ഗതിവേഗം കൂട്ടുകയും വേണം. അഞ്ച് വര്‍ഷം മുമ്പ് വരെ ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ ഒന്നാമതായിരുന്ന ചൈന ആയുധ നിര്‍മാണത്തില്‍ വന്‍മുന്നേറ്റം നടത്തി ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ മൂന്നാമതായി സ്ഥാനം പിടിച്ചത് ഇവിടെ ഓര്‍ക്കാവുന്നതാണ്.