മനസ്സിലായില്ലേ, നിയമവും നീതിയും ആര്‍ക്കുള്ളതാണെന്ന്?

Posted on: May 13, 2015 6:00 am | Last updated: May 12, 2015 at 10:25 pm

Jayalalithaസര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയൊരു പങ്ക് ലഭിക്കുന്നത് ആദായ നികുതിയില്‍ നിന്നാണ്. സര്‍ക്കാര്‍ സര്‍വീസിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന മാസശമ്പളക്കാരാണ് ആദായ നികുതി കൃത്യമായി ഒടുക്കുന്നവര്‍. വരുമാനത്തിന്റെ സ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കി സര്‍ക്കാറിലേക്ക് ഒടുക്കാന്‍ തൊഴില്‍ ദാതാക്കള്‍ നിര്‍ബന്ധിതരാണ് എന്നതുകൊണ്ടാണ് ഈ കൃത്യത. അഞ്ച് ലക്ഷത്തിലധികം വരുമാനമുള്ള വ്യക്തികള്‍ നികുതിയൊടുക്കിയാല്‍ മാത്രം പോര, അതിന്റെ റിട്ടേണ്‍ സമര്‍പ്പിക്കുകയും വേണം. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ ആദായനികുതി വകുപ്പിന് നിയമനടപടികള്‍ സ്വീകരിക്കാം. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് 5,000 രൂപ വരെ പിഴയീടാക്കാന്‍ നികുതിവകുപ്പിന് സാധിക്കും. വ്യാപാരമോ വ്യവസായമോ നടത്തി വരുമാനമുണ്ടാക്കുന്നവരുടെ കാര്യത്തിലും വ്യവസ്ഥകള്‍ ഏതാണ്ട് ഇതുതന്നെ. അടച്ചതിലും അധികം നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കണക്കെടുപ്പില്‍ കണ്ടാല്‍ കുടിശ്ശികയായ തുകക്ക് പലിശ നല്‍കേണ്ടിയും വരും.
വരുമാനത്തിന്‍മേല്‍ നികുതി ഈടാക്കുമ്പോള്‍ വരുമാനത്തിന്റെ സ്രോതസ്സ് എന്താണെന്ന പരിശോധന കൂടി നടത്തുന്നുണ്ട് സര്‍ക്കാര്‍. നിയമവിധേയമല്ലാത്ത വരുമാനമാര്‍ഗമാണെങ്കില്‍, ഉചിതമായ നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ മറ്റ് ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നുണ്ടോ? കൈക്കൂലി വാങ്ങുന്നുണ്ടോ? എന്നതൊക്കെ കണ്ടെത്താന്‍ ആദായ നികുതി ഒരു ഘടകമാണ്. നികുതി കഴിച്ചുള്ള വരുമാനത്തിന് ആനുപാതികമായല്ല സമാഹരിച്ച സ്വത്തെങ്കില്‍ അതാണ് അനധികൃത സമ്പാദ്യമായി വ്യവഹരിക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ശിക്ഷിക്കപ്പെട്ടതും ഇപ്പോള്‍ വിട്ടയക്കപ്പെട്ടതും ഇത്തരമൊരു കേസിലാണ്. ജയലളിത എന്ന ഏകവചനം, സുഹൃത്ത് ശശികല, ദത്തുപുത്രന്‍ സുധാകരന്‍, ബന്ധു ഇളവരശി എന്നിവര്‍ ചേരുന്ന ബഹുവചനമായാണ് ഇനി ഉപയോഗിക്കുന്നത്.
ഒരു രൂപ മാസ ശമ്പളത്തില്‍, 1991 മുതല്‍ 1996 വരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന ജയലളിത 65.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു ആരോപണം. ഇതില്‍ 53 കോടി രൂപക്ക് വിശ്വാസയോഗ്യമായ സ്രോതസ്സ് കാണിക്കാന്‍ ജയലളിതക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് വിചാരണക്കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചത്. സ്രോതസ്സ് വ്യക്തമാക്കാന്‍ ജയലളിതക്ക് സാധിച്ചുവെന്നും കണക്കില്‍കൊള്ളിക്കാന്‍ സാധിക്കാതിരുന്നത് 2.82 കോടി രൂപമാത്രമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അപര്യാപ്തവും അവ്യക്തവുമാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കുമാരസ്വാമി പറഞ്ഞു. ദത്തുപുത്രനായ വി എന്‍ സുധാകരന്റെ വിവാഹത്തിന് 6.47 കോടി രൂപ ചെലവിട്ടുവെന്ന് ആരോപണമുണ്ടായിരുന്നു. വിവാഹത്തിന് മൂന്ന് കോടി രൂപ ചെലവിട്ടെന്നാണ് വിചാരണക്കോടതി കണക്കാക്കിയത്. ഹൈക്കോടതിയുടെ കണക്കനുസരിച്ച് ചെലവ് 28 ലക്ഷം മാത്രമാണ്. ഹിന്ദു സമുദായത്തിലെ രീതി അനുസരിച്ച് വധുവിന്റെ കുടുംബമാണ് വിവാഹച്ചെലവ് വഹിക്കുന്നതെന്നും അതിനാല്‍ ജയലളിതയും കൂട്ടരും ഇത്രയും പണം ചെലവിട്ടിട്ടുണ്ടാകില്ലെന്നും കോടതി പറയുന്നു. ഇന്ത്യന്‍ രൂപക്ക് ഇത്രത്തോളം വിലയിടിഞ്ഞിട്ടില്ലാത്ത 1991 -196 കാലത്ത് 28 ലക്ഷം രൂപ വിവാഹത്തിന് ചെലവിട്ടതില്‍ അപാകമൊന്നുമുള്ളതായി കോടതിക്ക് തോന്നിയുമില്ല!
കണക്കിലധികമുള്ളതായി കണ്ടെത്തിയ വരുമാനമാകട്ടെ ആകെ വരുമാനത്തിന്റെ 8.12 ശതമാനം മാത്രമാകയാല്‍ അവഗണിക്കാവുന്നതേയുള്ളൂവെന്നാണ് കോടതിയുടെ വിധി. ഇങ്ങനെ വിഗണിച്ച്, ശിക്ഷ റദ്ദാക്കുന്നതിന് ആകെ വരുമാനത്തിന്റെ പത്ത് ശതമാനം വരുന്ന അനധികൃത സമ്പാദ്യം കുറ്റമായി കാണേണ്ടതില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി മുന്‍കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് കീഴ്‌വഴക്കമായി സ്വീകരിച്ചിട്ടുമുണ്ട്. 2.82 കോടിയുടെ അനധികൃത സമ്പാദ്യമെന്നത് തീരെ അവഗണിക്കാവുന്നതാവുന്നത് എങ്ങനെ? 2.82 കോടിയെ 282 ലക്ഷമെന്ന് ദീര്‍ഘിപ്പിച്ച് എഴുതിയാല്‍ ഈ ചോദ്യം കൂടുതല്‍ അര്‍ഥമുള്ളതാകും. രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂടിയ കാലഘട്ടമാണ് 1991 – 96. ലൈസന്‍സിംഗ് സമ്പ്രദായം അവസാനിപ്പിച്ച് വിപണികള്‍ തുറന്നുകൊടുക്കാന്‍ ആരംഭിച്ച കാലം. എങ്കിലും സഹസ്ര കോടികളുടെ അഴിമതികളെക്കുറിച്ചുള്ള കഥകള്‍ അത്രത്തോളം കേട്ടുതുടങ്ങിയിരുന്നില്ല. ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങുന്നതിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്നപ്പോഴും അവിടെ കേട്ട തുക 64 കോടി രൂപയായിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 282 ലക്ഷം രൂപയെന്നത് ചെറിയ തുകയല്ല.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തി 282 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന് വ്യക്തമായിട്ടുണ്ടെങ്കില്‍ അതിന് സ്വീകരിച്ച മാര്‍ഗമെന്തെന്ന് അറിയേണ്ടതുമുണ്ട്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമാണോ ഈ സമ്പാദ്യമെന്നും കണ്ടെത്തണം. മുഖ്യമന്ത്രിയായിരിക്കെ, തന്റെയും കൂട്ടാളികളുടെയും നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് വേണ്ടി ചുരുങ്ങിയ വിലക്ക് സര്‍ക്കാര്‍ ഭൂമി വാങ്ങിയെടുത്തുവെന്ന ആരോപണവും ജയ നേരിട്ടിരുന്നു. അത്തരത്തില്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അതുണ്ടായില്ലെങ്കില്‍ അന്വേഷണത്തിലെ പാളിച്ചയാണ് കാരണം. അതേക്കുറിച്ചൊന്നും ചിന്തിക്കാതെ, ഭൂമി വാങ്ങുന്നതിനും നിര്‍മാണം നടത്തുന്നതിനും ബാങ്ക് വായ്പ എടുത്തിരുന്നുവെന്ന ന്യായം കണ്ടെത്താന്‍ കോടതി ശ്രമിക്കുമ്പോള്‍ മാനം കെട്ടും പണമുണ്ടാക്കിയാല്‍ മാനക്കേട് ആ പണം തീര്‍ത്തുകൊള്ളുമെന്ന പഴമൊഴിക്ക് കൂടുതല്‍ വ്യാപ്തിയുണ്ടാകും. അനധികൃത സമ്പാദ്യത്തിന് നികുതിയിനത്തിലുള്ള കുടിശ്ശികയും പലിശയും പിഴയും ഈടാക്കേണ്ടതാണ്. കുറഞ്ഞപക്ഷം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആദായനികുതി വകുപ്പിന് നിര്‍ദേശം നല്‍കുകയെങ്കിലും ചെയ്യണമായിരുന്നു കോടതി. അതുമുണ്ടായില്ല. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് പിഴയീടാക്കാന്‍ നിയമമുള്ള രാജ്യത്ത്, ഭരണ നേതൃത്വത്തിലുള്ളവരുടെയും സമ്പന്നരുടെയും കാര്യത്തില്‍ അതൊന്നും ബാധകമല്ലെന്നത് നീതിപീഠം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നുവെന്ന് മാത്രം.
റിലയന്‍സ് ഉടമകളായ അംബാനിമാര്‍ മുകേഷിനും അനിലിനും ഹോങ്കോംഗ് ആന്‍ഡ് ഷാങ്ഹായ് ബേങ്കിംഗ് കോര്‍പ്പറേഷന്റെ (എച്ച് എസ് ബി സി) സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാഖകളില്‍ നിക്ഷേപമുണ്ടെന്നും ഇത് രാജ്യത്ത് നികുതി നല്‍കാതെ കടത്തിയ പണമാണെന്നും ആരോപണമുണ്ട്. ഇത്തരത്തില്‍ സൂക്ഷിക്കുന്ന പണത്തെ കള്ളപ്പണമെന്നാണ് പൊതുവില്‍ വ്യവഹരിക്കാറ്. എച്ച് എസ് ബി സിയില്‍ മുകേഷ് അംബാനി 2001ല്‍ തുടങ്ങിയ അക്കൗണ്ടില്‍ 164.92 കോടി രൂപ നിക്ഷേപമായുണ്ടെന്നാണ് പുറത്തുവന്ന വിവരം. അനില്‍ അംബാനി 2005ലാണ് എച്ച് എസ് ബി സിയുടെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ശാഖയില്‍ അക്കൗണ്ട് തുറന്നത്. ഈ അക്കൗണ്ടിലും 164.92 കോടി നിക്ഷേപിച്ചിട്ടുണ്ട്. അംബാനിമാരുടെ അധികൃതമായ വരുമാനം ആയിരക്കണക്കിന് കോടി വരും. അതുമായി താരതമ്യം ചെയ്താല്‍ 164.92 കോടിയെന്നത് പത്ത് ശതമാനത്തില്‍ താഴെയെ വരൂ. ആകയാല്‍ വിദേശത്തെ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചെന്ന ആരോപണത്തില്‍ നിന്ന് ഇവര്‍ ഇരുവരെയും ഉടന്‍ മോചിപ്പിക്കുകയും ആക്ഷേപമുന്നയിച്ചവര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുകയും വേണം. അധികൃതമായുള്ള വരുമാനത്തിന്റെ പത്തില്‍ താഴെ ശതമാനം വരുന്ന തുക, രാജ്യത്ത് നികുതിക്ക് വിധേയമായാലോ എന്ന ഭയത്തില്‍ വിദേശത്ത് സൂക്ഷിച്ച അംബാനിമാര്‍ക്ക്, ആ ഭയത്തില്‍ നിന്ന് മോചിതരായി പണം രാജ്യത്തെ ഏതെങ്കിലും ബാങ്ക് ശാഖകളിലേക്ക് മാറ്റുകയും ചെയ്യാം. അനധികൃത സമ്പാദ്യത്തിന്റെ നികുതിക്കുടിശ്ശികയോ പലിശയോ പിഴയോ ആരും ചോദിക്കുമെന്ന ഭയവും വേണ്ട. അംഗീകൃതവരുമാനത്തിന്റെ പത്തില്‍ താഴെ ശതമാനം വരുന്ന തുക, വിദേശത്തെ ബാങ്കുകളില്‍ സൂക്ഷിച്ച നിരപരാധികളെ ഇത്രയും കാലം കള്ളപ്പണക്കാരെന്ന് വിളിച്ചതിന് സര്‍വരും നിര്‍വ്യാജ ഖേദപ്രകടനമോ മാപ്പുപറച്ചിലോ നടത്തേണ്ടതുമാണ്.
കേന്ദ്ര ധനമന്ത്രിമാര്‍ വര്‍ഷാവര്‍ഷം ബജറ്റ് പ്രസംഗം നടത്തുമ്പോള്‍, ഇടച്ചേരിക്കാരായവര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുള്ള പ്രഖ്യാപനങ്ങളിലൊന്ന് ആദായ നികുതി പരിധിയില്‍ വരുത്തുന്ന മാറ്റമാണ്. പരിധി ഉയര്‍ത്തിയോ, നികുതി ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങളുടെ അളവ് വര്‍ധിപ്പിച്ചോ എന്നതൊക്കെയാണ് ഇടച്ചേരിക്കാര്‍ കാത്തിരിക്കാറ്. രൂപയുടെ വിപണി മൂല്യം കുറയുകയും അതിനനുസരിച്ച് കൂലിയുടെ തോത് വര്‍ധിക്കുകയും വിപണിയില്‍ പണത്തിന്റെ ഒഴുക്ക് സുഗമമായുണ്ടാകുക എന്നത് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തില്‍ പ്രധാനമാകുകയും ചെയ്യുന്ന ഇക്കാലത്ത്, ആദായ നികുതി പരിധിയില്‍ ചെറുതല്ലാത്ത വര്‍ധനയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ബജറ്റിന് മുമ്പ് പ്രചരിക്കാറുണ്ട്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ ആ റിപ്പോര്‍ട്ടുകള്‍ക്കൊപ്പിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറില്ല.
ധനമന്ത്രി കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മാസശമ്പളക്കാര്‍ക്ക് നല്‍കിയതിലും വലിയ ആനുകൂല്യം കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവായി അനുവദിക്കുകയും ചെയ്തു. അധികൃത സമ്പാദ്യത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ അനധികൃത സമ്പാദ്യമുണ്ടെങ്കില്‍ അത് കുറ്റമായി കാണില്ല എന്നതാണ് രാജ്യത്തെ പുതിയ വഴക്കമെങ്കില്‍ അതിന്റെ ആനുകൂല്യം എല്ലാവര്‍ക്കും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം. വാര്‍ഷിക വരുമാനത്തിനാകെ നികുതി നല്‍കാതിരിക്കുന്നവരില്‍, നികുതി നല്‍കാത്ത ഭാഗം വാര്‍ഷിക വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയാണെങ്കില്‍ വെട്ടിപ്പുകാരായി ചിത്രീകരിച്ച് നോട്ടീസ് അയക്കുകയും പിഴയീടാക്കുകയും ചെയ്യാതിരിക്കണം. ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ സര്‍ക്കുലര്‍ (കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കുമാരസ്വാമി ജയലളിത കേസില്‍ വിധി പറഞ്ഞപ്പോള്‍ അതും ഉദ്ധരിച്ചിരുന്നു) അനുസരിച്ചാണെങ്കില്‍ അധികൃത സമ്പാദ്യത്തിന്റെ 20 ശതമാനം വരെയുള്ള അനധികൃത സമ്പാദ്യം അനുവദനീയമാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ‘ജനക്ഷേമ’ സര്‍ക്കാറാകുകയും അതിന്റെ നേതൃത്വത്തിലുള്ളത് ‘ജനകീയ’നും ജയലളിതയുമായി അടുത്ത സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അനധികൃതമായി സമ്പാദിക്കാവുന്ന സ്വത്ത് 20 ശതമാനം തന്നെയായി തീരുമാനിക്കണം. കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുടന്‍ ജയലളിതയെ ഫോണില്‍ വിളിച്ച നരേന്ദ്ര മോദി, അനുമോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 282 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യത്തെ മോദിയദ്ദ്യം അംഗീകരിക്കുന്നുവെന്നാണല്ലോ അനുമോദനത്തിന്റെ അര്‍ഥം.
ആയതിനാല്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെ ശങ്കാലേശമില്ലാതെ സ്വാഗതം ചെയ്യണം. അപ്പീല്‍ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് വാദിക്കാന്‍ അവസരമുണ്ടായില്ലെന്നത് പോലെ കര്‍ണാടകത്തിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ തള്ളിക്കളയണം. ഈ വിധി സുപ്രീം കോടതി സ്ഥിരപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഉത്സാഹിക്കുകയും വേണം. നിയമവും നീതിയും പണമില്ലാത്ത പിണങ്ങള്‍ക്കുള്ളതല്ല, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് അപവാദങ്ങള്‍ മാത്രം.
~~