Malappuram
സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍

മഞ്ചേരി: പ്രായമായ സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍.
കൊണ്ടോട്ടി കരിപ്പൂര്‍ പുളിയംപറമ്പത്ത് സുരേഷ് ബാബു എന്ന ആശാരി സുരേഷ് (34), വേങ്ങര ചെങ്ങാനി കണ്ണമംഗലം നമ്പന്‍കുന്നത്ത് ശിഹാബ് എന്ന ബാര്‍ബര്‍ ശിഹാബ് (30), പെരുവള്ളൂര്‍ മുല്ലപ്പടി വള്ളിക്കുന്നന്‍ ഷാഫി (32) എന്നിവരാണ് പിടിയിലായത്. മഞ്ചേരി എസ് ഐ. പി വിഷ്ണുവും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പൂക്കോട്ടൂര്‍ അറവങ്കര എ ആര്‍ ബേക്കറി പരിസരത്തുവെച്ചാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി മോഷണ കേസുകള്‍ക്ക് തുമ്പായി. തേഞ്ഞിപ്പലം നടുക്കര തുപ്പിലക്കാടന്‍ ഫാത്തിമ (70)ന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കാതില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണ ചിറ്റുകളും 10000 രൂപയും കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്.
2013 ജൂണ്‍ 22നായിരുന്നു ഈ സംഭവം. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കൊണ്ടോട്ടിയിലെ ജ്വല്ലറി കടയില്‍ നിന്നും കണ്ടെടുത്തു.
വയനാട് പനമരത്ത് പെണ്ണുകാണാന്‍ ചെന്ന് ക്ലോറോഫോം മണപ്പിച്ച് യുവതിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. വേങ്ങര ചെങ്ങാനിയില്‍ എണ്‍പതുകാരിയായ കുഞ്ഞീതുമ്മയുടെ വീട്ടില്‍ കയറി 8500 രൂപ കവര്‍ന്ന കേസിലും മൂവര്‍സംഘം പ്രതികളാണ്. കൊണ്ടോട്ടി കൊട്ടപ്പുറത്ത് ജ്വല്ലറിയുടെ ചുമര്‍ തുരന്ന് നടത്തിയ മോഷണം വിഫലമാവുകയായിരുന്നു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റു കോടതി റിമാന്റു ചെയ്ത പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ മേല്‍ നോട്ടത്തില്‍ മഞ്ചേരി സി ഐ സണ്ണിചാക്കോ, എസ് ഐ. പി വിഷ്ണു, വേലായുധന്‍കുട്ടി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എം അസ്സൈനാര്‍, സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശശി കുണ്ടറക്കാട്, സത്യനാഥന്‍, അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.