Gulf
സുരക്ഷാ ഭീഷണി: അബുദാബി വിമാനം ദുബൈയിലിറക്കി

അബുദാബി: കൈറോയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ സംശയകരമായ വസ്തു ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിട്ടു. കൈറോയില്‍ നിന്നുള്ള വൈ 650 വിമാനമാണ് അബുദാബിയില്‍ ഇറക്കാതെ ദുബൈ മിന്‍ഹാദ് എയര്‍ബേസില്‍ ഇറക്കിയത്. യാത്രക്കാരെ ബസിലാണ് അബുദാബിയില്‍ എത്തിച്ചത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിച്ചതായി ഇത്തിഹാദ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
അതേ സമയം വിമാനത്തില്‍ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 128 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് എയര്‍ബസ് എ 321ല്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ എട്ടിനാണ് രഹസ്യ വിവരം ലഭിക്കുന്നത്. അത് കൊണ്ട് അബുദാബിയില്‍ ഇറക്കാതെ ദുബൈയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം യാത്രക്കാരെ ജാഗ്രതയോടെ പുറത്തെത്തിച്ചു. അതിന് ശേഷമാണ് പരിശോധന നടത്തിയത്. കൈറോയില്‍ നിന്ന് പുലര്‍ച്ചെ 3.30നാണ് വിമാനം പുറപ്പെട്ടത്. അബുദാബിയില്‍ രാവിലെ 9.10ന് ഇറങ്ങേണ്ടതായിരുന്നു.
മെയ് അഞ്ചിന് എയര്‍ അറേബ്യയിലെ യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. കുവൈത്തില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനമാണ് ദുബൈ മിന്‍ഹാദ് എയര്‍ബേസില്‍ ഇറക്കേണ്ടിവന്നത്. ഇതും സുരക്ഷാ ഭീഷണിയെ തുടര്‍ന്നായിരുന്നു.
വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. അതേ സമയം സുരക്ഷാ ഭീഷണി സൃഷ്ടിച്ച ഒരു യാത്രക്കാരനെതിരെ നടപടി സ്വീകരിച്ചു.