ഒമാനില്‍ വിസാ നിരോധന കാലാവധി ദീര്‍ഘിപ്പിച്ചു

Posted on: May 11, 2015 3:28 pm | Last updated: May 11, 2015 at 3:28 pm

visas immigrationisaമസ്‌കത്ത്: സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണം ആറ് മാസത്തേക്ക് കൂടി നീട്ടി. 2013 ഡിസംബറില്‍ ആരംഭിച്ച നിയന്ത്രണമാണ് വീണ്ടും കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. വരുന്ന ഡിസംബര്‍ വരെയുള്ള കാലയളവില്‍ സെയില്‍സ് മേഖലയില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് മാനവിവിഭവ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മേഖലയിലേക്കുള്ള വിദേശികളുടെ കടന്ന് വരവ് നിയന്ത്രിച്ച് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് വിസാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പരിശീലനം ലഭിച്ച സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരങ്ങള്‍ സൃഷ്ടിക്കും. സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം ഇതിലൂടെ ശ്രമിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2013 ഡിസംബര്‍ മുതല്‍ ആറ് മാസത്തേക്ക് ഏര്‍പെടുത്തിയ വിസാ നിയന്ത്രണം കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് കൂടി കാലാവധി വര്‍ധിപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു.
സെയില്‍സ് മാന്‍, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേസിംഗ് ഏജന്റ് എന്നീ മേഖലകളിലാണ് വിസാ നിയന്ത്രണം നിലവിലുള്ളത്. ‘മുംതാസ്’ കമ്പനികള്‍, രാജ്യാന്തര കമ്പനികള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. ചെറുകിട കമ്പനികള്‍ക്ക് ആറു മാസത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം അറിയിച്ചു. സെയില്‍സ്, മാര്‍ക്കറ്റിംഗ് ജോലികളില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
നിര്‍മാണ, ശുചീകരണ ജോലികളിലും വിസാ നിരോധനം നിലനില്‍ക്കുന്നുണ്ട്. 2013 നവംബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കാലാവധി പൂര്‍ത്തിയായതോടെ വീണ്ടും ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരുന്നു. നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ അനധികൃത തൊഴിലാളികള്‍ക്കെതിരെ പരിശോധന ശക്തമാക്കി. മാനവ വിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വദേശികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരം സൃഷ്ടിച്ചു വരികയാണ്. സ്വകാര്യ മേഖലകളില്‍ അടിസ്ഥാന ശമ്പളം ഉയര്‍ത്തി കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കുള്ള പരിശീലന പരിപാടികളും നടന്ന് വരുന്നു

ALSO READ  സഊദിയും റഷ്യയും തമ്മില്‍ പുതിയ വിസാ നിയമം ഉടന്‍