Kannur
നാളികേര ഉത്പന്നങ്ങളുടെ ഇറക്കുമതി വന്‍തോതില്‍ കൂടി

കണ്ണൂര്‍: വെളിച്ചെണ്ണയടക്കമുള്ള നാളികേര ഉത്പന്നങ്ങളുടെ ഇറക്കുമതി ഈ വര്‍ഷവും വന്‍തോതില്‍ കൂടി. 2014 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള ഇറക്കുമതി കണക്കുകള്‍ പ്രകാരം 421.66കോടിയുടെ നാളികേര ഉത്പന്നങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.
വെളിച്ചെണ്ണക്ക് പുറമെ കോക്കനറ്റ് ഫാറ്റി ആസിഡ്, കൊപ്ര, പിണ്ണാക്ക്് എന്നിവയാണ് ഏറ്റവുമധികം ഇറക്കുമതി ചെയ്ത നാളികേര ഉത്പന്നങ്ങള്‍. ഈ വര്‍ഷം വെളിച്ചെണ്ണയുടെ ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നതിനാലാണ് വെളിച്ചെണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന ഉണ്ടായതെന്നാണ്് കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ അവകാശവാദം. ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണ ആഭ്യന്തര വിപണനം ചെയ്യാതെ മൂല്യ വര്‍ധനവ് വരുത്തി കയറ്റുമതി ചെയ്യേണ്ട ബാധ്യതയുള്ളതിനാല്‍ ഇറക്കുമതിയിലെ വന്‍ വര്‍ധന ആഭ്യന്തര വിലയെ ബാധിക്കില്ലെന്നാണ് നാളികേര വികസന ബോര്‍ഡ് പറയുന്നത്. എന്നാല്‍, കേരളത്തിലുള്‍പ്പടെയുള്ള നാളികേര കര്‍ഷകര്‍ക്ക് നാളികേര ഇറക്കുമതി കനത്ത പ്രതിസന്ധിയാണുയര്‍ത്തുന്നത്.
ഈ വര്‍ഷം മാത്രം 12811.91 മെട്രിക് ടണ്‍ അളവിലാണ് വെളിച്ചെണ്ണ കയറ്റി അയച്ചത്. കോക്കനറ്റ് ഫാറ്റി ആസിഡ്,തേങ്ങ പിണ്ണാക്ക്,ചിരട്ടക്കരി എന്നിവയെല്ലാമുള്‍പ്പടെ 42 കോടിയിലധികം ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇറക്കുമതി കൂടുന്നത് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. ഇന്തോനേഷ്യയാണ് രാജ്യത്തെ നാളികേര കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. അവിടെ സീസണിലുണ്ടായ ഉത്പാദന വര്‍ധനയാണ് ഭീഷണിയാവുന്നത്. കേരളത്തിലടക്കം വ്യാപാരികള്‍ ഇന്തോനേഷ്യയില്‍നിന്ന് നാളികേര ഉത്പന്നങ്ങള്‍ നിലവില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന ഒരു കിലോ വെളിച്ചെണ്ണ 82 രൂപയ്ക്ക് വില്‍ക്കാനാവും. വെളിച്ചെണ്ണയുടെ അപരനെന്നറിയപ്പെടുന്ന കെറണല്‍ പാംഓയില്‍ കിലോക്ക് 40 രൂപക്ക് ലഭിക്കും.
കേരളത്തില്‍ ഒരു കിലോ വെളിച്ചെണ്ണക്ക് 148 രൂപയാണ് ചില്ലറ വില്‍പ്പന വില. കര്‍ഷകര്‍ക്ക് ഒരു കിലോക്ക് 130 രൂപ ലഭിക്കും. ഇറക്കുമതി വര്‍ധിക്കുന്നതോടെ കേരളത്തില്‍നിന്നുള്ള വെളിച്ചെണ്ണ വിപണിയില്‍ വേണ്ടാതാവുകയാണ്. ഇന്ത്യയിലെ തേങ്ങ ഉത്പാദനത്തിന്റെ ഇരട്ടിയാണ് ഇന്തോനേഷ്യയിലെ ഉത്പാദനം.16,332.24 മില്യണ്‍ ടണ്ണാണ് സീസണില്‍ ഉത്പാദിപ്പിച്ചത്. അതേസമയം, ഇന്ത്യയിലെ ഉത്പാദനം 2013ലേക്കാള്‍ 15 ശതമാനം കുറഞ്ഞു. 50 സെന്റ് ഭൂമിയില്‍നിന്ന് 750 തേങ്ങ കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
45ാം ദിവസം വിളവെടുക്കും. അതേസമയം, ഇറക്കുമതി വര്‍ധിച്ചാല്‍ സംസ്ഥാനത്തെ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി 6,266 എണ്ണവും കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ 356 എണ്ണവും കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനീസ് 19 എണ്ണവും അടച്ചുപൂട്ടേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതിനിടെ നീര ഉത്പാദിപ്പിച്ച് കര്‍ഷകരെ സഹായിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാതി വഴിയിലാണ്. വിദഗ്ധ പരിശീലനം നേടിയവര്‍ക്കുമാത്രമേ നീര ചെത്തിയെടുക്കാന്‍ കഴിയൂ. നിലവില്‍ തെങ്ങിന്‍കള്ള് ഉത്പാദിപ്പിക്കാന്‍ തന്നെ ചെത്തു തൊഴിലാളികളെ കിട്ടാത്ത സാഹചര്യത്തില്‍ നീരയുടെ ഉത്പാദനം കാര്യക്ഷമമാകുന്നില്ലെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.